സിറിയന്‍ സൈന്യത്തിന്റെ രാസായുധ പ്രയോഗം
ദമസ്കസ്: സിറിയയില്‍ വിമതപ്രദേശത്ത് സൈന്യം നടത്തിയ രാസായുധ ആക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 67 പേര് കൊല്ലപ്പെട്ടു. 400 പേര്‍ക്ക് പരുക്കേറ്റു. 58 പേര് മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.
വിമത അനുകൂല വാര്‍ത്താ ഏജന്‍സിയുടെ കണക്കനുസരിച്ച് മരണസംഖ്യ 100 ആണ്. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കുനേരെയും മിസൈല്‍ ആക്രമണം നടന്നു. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ഇദ്ലിബ് പ്രവിശ്യയിലെ ഖാന് ശൈഖൂനിലാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ആക്രമണം നടത്തിയത്.
ആക്രമണത്തില്‍ 67 പേര് കൊല്ലപ്പെട്ടതായി ഇദ്ലിബിലെ ആംബുലന്‍സ് സര്‍വിസ് ഇന്‍ചാര്‍ജ് മുഹമ്മദ് റസൂല്‍ പറഞ്ഞു. ജനത്തിരക്കേറിയ ആശുപത്രിയിലാണ് ആക്രമണം നടന്നത്. നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. വായില്‍ നിന്ന് നുരയും പതയും വന്ന നിലയിലാണ് മിക്കവരെയും ആശുപത്രികളില്‍ എത്തിച്ചതെന്ന് സിറിയന്‍ ഒബ്്സര്വേറ്ററി ഗ്രൂപ്പ് അറിയിച്ചു. രാസായുധ ആക്രമണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. പലസമയത്തായി സ്ഫോടനങ്ങളുണ്ടായി. എന്നാല്‍, രാസായുധം ഉപയോഗിച്ചിട്ടില്ലെന്ന് സിറിയന്‍ സൈന്യം പറഞ്ഞു. സംഭവത്തോട് കൂടുതല്‍ പ്രതികരിക്കാന്‍ സൈന്യം തയാറായിട്ടില്ല.
ആക്രമണത്തില്‍ പരുക്കേറ്റവരെ ചികിത്സിക്കുന്ന ആശുപത്രിക്ക് മുകളിലാണ് മിസൈല്‍ ആക്രമണവും രാസായുധ പ്രയോഗവും നടന്നതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്തു. ആക്രമണത്തിന് തങ്ങളുടെ ലേഖകന്‍ ദൃക്സാക്ഷിയാണെന്നും ഏജന്‍സി അറിയിച്ചു.
ഏത് രാസവസ്തുവാണ് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. പരുക്കേറ്റവരിലേറെയും കുട്ടികളാണെന്നും മരണസംഖ്യ ഉയര്‍ന്നേക്കാമെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. അതിനിടെ, സിറിയയില്‍ റഷ്യയുടെ നേതൃത്വത്തില്‍ സാധാരണക്കാര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് റഷ്യന്‍ പ്രസിഡന്റ് വ്ളാദ്്മിര് പുടിന് മുന്നറിയിപ്പ് നല്കി.
നേരത്തെയും ആശുപത്രികളും സ്കൂളുകളും കേന്ദ്രീകരിച്ച് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ രാസായുധ ആക്രമണങ്ങള്‍ നടത്തിയിരുന്നു. സിറിയയില്‍ കഴിഞ്ഞ വര്‍ഷം ആരോഗ്യസ്ഥാപനങ്ങള്ക്കുനേരെ 71 ആക്രമണങ്ങളാണ് നടന്നത്. 32 ആശുപത്രികള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് അറിയിച്ചു. 2014ലും 2015ലും മൂന്നുതവണ സിറിയയില്‍ രാസായുധ ആക്രമണം നടന്നിരുന്നു. ഇതേക്കുറിച്ച് യു.എന്‍ നടത്തിയ അന്വേഷണത്തില്‍ ഐ.എസിന്റെയും സൈന്യത്തിന്റെയും പങ്ക് കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."