ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് ക്രമരഹിതമായി ലൈസന്‍സ് അനുവദിക്കുന്നതായി കണ്ടെത്തി
തിരുവനന്തപുരം: മോട്ടോര്‍ വെഹിക്കിള്‍ ചട്ടം ലംഘിച്ച് ഡ്രൈവിങ്ങ് സ്‌കൂളുകള്‍ക്ക് ക്രമരഹിതമായി ലൈസന്‍സ് അനുവദിക്കുന്നുവെന്ന് സി.എ.ജി കണ്ടെത്തല്‍.
സ്‌കൂളുകള്‍ക്ക് ആര്‍.ടി.ഒ ലൈസന്‍സ് നല്‍കണമെങ്കില്‍ ഓരോ അപേക്ഷകനും പരിശീലനം നല്‍കുന്നതിനു വേണ്ട എല്ലാ ഇനത്തിലുമുള്ള വാഹനം ചുരുങ്ങിയത് ഒരെണ്ണം വീതവും എല്ലാ വാഹനങ്ങളിലും ഇരട്ട നിയന്ത്രണ സംവിധാനം ഉണ്ടായിരിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ ലൈസന്‍സ് അനുവദിച്ച സ്‌കൂളുകളില്‍ ഇത് പാലിച്ചിട്ടില്ലെന്ന് സി.എ.ജി കണ്ടെത്തി.
11 ആര്‍.ടി.ഒകളില്‍ 1,227 ഡ്രൈവിങ്ങ് സ്‌കൂളുകളില്‍ പരിശീലനം നല്‍കാനുള്ള 5,472 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ കാലവധി കാലഹരണപ്പെട്ടതും 2017 മാര്‍ച്ച് 31 വരെ പുതുക്കിയിട്ടില്ലെന്നും ഇതില്‍ 1,670 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സാധുത ഇവര്‍ക്ക് സ്‌കൂള്‍ നടത്താന്‍ ലൈസന്‍സ് നല്‍കുമ്പോള്‍ തന്നെ കാലഹരണപ്പെട്ടതാണെന്നും സി.എ.ജി കണ്ടെത്തി. കൂടാതെ ആര്‍.ടി.ഒമാര്‍ മോട്ടോര്‍ ഡ്രൈവിങ്ങ് സ്‌കൂളുകളില്‍ പരിപാലിച്ചിരിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സാധുതയും ഫിറ്റ്‌നസും പരിശോധിക്കുന്നില്ലെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. അമിതഭാരം കയറ്റിയ ചരക്കു വാഹനങ്ങള്‍ ആര്‍.ടി.ഒ പിഴ ചുമത്തിയാല്‍ അത് അടച്ചില്ലെങ്കില്‍ മൂന്നു മാസത്തിനുള്ള കോമ്പൗണ്ടിങ്ങ് ഫീസ് അടക്കണം.
എന്നാല്‍ സി.എ.ജി പരിശോധിച്ച 1,270 കേസുകളില്‍ പിഴ ഈടാക്കിയില്ലെന്നും ഇതുകാരണം 1.22 കോടിയുടെ നഷ്ടമുണ്ടാക്കിയത് മാത്രമല്ല അമിത ഭാരം കയറ്റിയെന്ന രേഖകള്‍ തന്നെ ആര്‍.ടി.ഓഫിസുകളില്‍ നിന്ന് അപ്രത്യക്ഷമായെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. 2014-17 കാലയളവില്‍ 14,127 വാഹനങ്ങളുടെ പെര്‍മിറ്റുകള്‍ കാലാവധി അവസാനിച്ചിട്ടും പെര്‍മിറ്റ് പുതുക്കാത്തതില്‍ 3.32 കോടി രൂപയുടെ നഷ്ടമുണ്ടായി. കൂടാതെ ക്യാബുകളില്‍ നിന്ന് വാഹനനികുതി ഒടുക്കിയതിലെ വ്യത്യാസമായ 47.15 കോടിയും കോണ്‍ട്രാക്ട് കാര്യേജുകളുടെ നികുതി വ്യത്യാസം വന്നപ്പോള്‍ ഒടുക്കാത്ത 81.08 കോടിയും ചരക്ക് വാഹനങ്ങളുടെ വ്യത്യാസമുള്ള നികുതി ഇനത്തില്‍ 50.42 ലക്ഷവും ശേഖരിക്കപ്പെട്ടിട്ടില്ലെന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."