കരിപ്പൂരില്‍ അഗ്നിശമന സേനയുടെ അംഗബലം വെട്ടിക്കുറക്കുന്നു
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അഗ്നിശമന സേനയുടെ (റെസ്ക്യൂ ആന്‍ഡ് ഫയര്‍ ഫൈറ്റിങ് - ആര്.എഫ്.എഫ്) അംഗബലം വെട്ടിക്കുറക്കുന്നു.
നിലവിലെ കാറ്റഗറി എട്ടില്‍ നിന്ന് ഏഴാക്കിയാണ് ചുരുക്കുന്നത്. കാറ്റഗറി എട്ട് പ്രകാരം ഒരു ഷിഫ്റ്റില്‍ 24 പേരാണുണ്ടാവുക. എന്നാല്‍ കാറ്റഗറി ഏഴാവുന്നതോടെ ഒരു ഷിഫ്റ്റില്‍ 17 പേരായി ചുരുങ്ങും.
കരിപ്പൂരിലെ അഗ്നിശമന വിഭാഗത്തില്‍ 74 പേരാണുള്ളത്. കാറ്റഗറി മാറ്റുന്നതോടെ അധികമായി വരുന്ന 20 ഓളം പേരെ മറ്റ് വിമാനത്താവളങ്ങളിലേക്ക് മാറ്റി നിയമിക്കും.
റണ്‍വേയുടെ നീളം കണക്കാക്കിയാല്‍ കരിപ്പൂര്‍ കോഡ് ഡി വിമാനത്താവളമാണെങ്കിലും കോഡ് സി പ്രകാരമുള്ള വിമാനങ്ങള്‍ മാത്രമാണ് സര്‍വിസ് നടത്തുന്നത്. ഇതിനാല്‍ നിലവിലുള്ളവരുടെ അംഗബലം കുറക്കണമെന്നാണ് അധികൃതര്‍ പറയുന്നത്.
കോഡ് ഡി ആവുമ്പോള്‍ ഇവ പുനഃസ്ഥാപിക്കാമെന്നാണ് വാദം. കരിപ്പൂരില്‍ റണ്‍വേ നവീകരണത്തിന്റെ ഭാഗമായി 2015 ല്‍ അഗ്നിശമന സേനയുടെ കാറ്റഗറി ഒന്‍പതില്‍ നിന്ന് എട്ട് ആക്കി ചുരുക്കിയിരുന്നു. എട്ടില്‍ നിന്നാണ് വീണ്ടും ഏഴായി കുറക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."