ഗണേഷ്കുമാര് എം.എല്‍.എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദിച്ചതായി പരാതി
അഞ്ചല്‍(കൊല്ലം): കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പത്താനപുരം എം.എല്‍.എ കെ.ബി ഗണേഷ്കുമാറും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മാതാവിന്റെ മുന്നിലിട്ട് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. മര്‍ദനമേറ്റ് അവശനായ അഗസ്തികോട് പുലിയത്ത് വീട്ടില്‍ അനന്തകൃഷ്ണന് (22) ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിനും അസഭ്യവര്‍ഷത്തിനും ശേഷം 'ഞങ്ങളാണ് ഭരിക്കുന്നതെന്ന് ഓര്‍ക്കണ'മെന്നു പറഞ്ഞ് എം.എല്‍.എ വെല്ലുവിളി നടത്തിയതായും പരാതിയില്‍ പറയുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് ഒരു മണിയോടെയായിരുന്നു സംഭവം. ശബരിഗിരിക്ക് സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എം.എല്‍.എ. ഇതേ വീട്ടില്‍നിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും മാതാവ് ഷീനയും.
റോഡിലൂടെ എം.എല്‍.എയുടെ വാഹനം കടന്നുവന്നെങ്കിലും നിര്‍ത്താന്‍ അദ്ദേഹം തയാറായില്ല. ഒടുവില്‍ അനന്തകൃഷ്ണന് തന്നെ വാഹനം പിറകോട്ടെടുത്ത് നിര്‍മാണം നടക്കുന്ന വീട്ടിലേക്ക് കയറ്റിയിട്ടു. സാറിനല്ലായിരുന്നോ വാഹനം മാറ്റാന്‍ എളുപ്പമെന്ന് ഷീന ചോദിച്ചത് ഗണേഷ്കുമാറിനെ പ്രകോപിതനാക്കി. ആ സമയം വണ്ടിയിലിരുന്ന എം.എല്‍.എ ഷീനയെ അസഭ്യം പറയുകയും കൈകൊണ്ട് വൃത്തികെട്ട ആംഗ്യം കാണിക്കുകയും ചെയ്തതായി അനന്തകൃഷ്ണന് പറഞ്ഞു. തുടര്‍ന്ന് ഗണേഷ്കുമാര് ഇറങ്ങിവന്ന് കാറിന്റെ താക്കോല്‍ ഊരാന്‍ നോക്കിയെങ്കിലും കഴിഞ്ഞില്ല. ഡ്രൈവിങ് സീറ്റില്‍ ഇരുന്ന യുവാവിനെ കുത്തിനു പിടിച്ചിറക്കി കഴുത്തിന് അടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഡ്രൈവറെത്തി മര്‍ദിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ ഇരുകൂട്ടരും പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. എം.എല്‍.എയുടെ ഡ്രൈവര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ യുവാവാണ് ആദ്യം മര്‍ദിച്ചതെന്നാണ് ആരോപിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ മര്‍ദിച്ചില്ലെന്നാണ് എം.എല്‍.എയുടെ നിലപാടെന്ന് ഷീന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."