പ്രസക്തിയുള്ള എഴുത്തിന്റെ ധര്‍മമായി പ്രതിരോധവും പ്രതിഷേധവും നിലകൊള്ളണമെന്ന് വൈശാഖന്‍
തൃശൂര്‍: ഏത് കാലത്തും പ്രസക്തിയുള്ള എഴുത്തിന്റെ ധര്‍മമായി പ്രതിരോധവും പ്രതിഷേധവും നിലവിളിയും സാന്ത്വനവുമെല്ലാം നിലകൊള്ളുന്നുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ പറഞ്ഞു. ഓരോ കാലത്തിന്റെയും സവിശേഷതയനുസരിച്ച് വിവിധ ധര്‍മങ്ങള്‍ എഴുത്തിന് നിര്‍വഹിക്കാനുണ്ട്. എന്നാല്‍ വേദനിക്കുന്നവരുടെ ഒപ്പം നില്‍ക്കുന്ന എഴുത്തുശീലം ഒഴിച്ചുകൂടാനാവാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ദേശീയപുസ്തകോത്സവവേദിയില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച പാങ്ങില്‍ ഭാസ്‌കരന്റെ നോവല്‍ 'നന്ദികേശന്‍ സാക്ഷി' പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രമാമേനോന്‍ വിവര്‍ത്തനം ചെയ്ത സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ ചരിത്രഗ്രന്ഥം 'യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍' ഐ.ഷണ്‍മുഖദാസ് പ്രകാശനം ചെയ്തു. രണ്ട് പുസ്തങ്ങളും അഷ്ടമൂര്‍ത്തി സ്വീകരിച്ചു. യുദ്ധരംഗത്ത് ആയിരക്കണക്കിന് സ്ത്രീപോരാളികള്‍ നേരിട്ട അതിഭീകരമായ അനുഭവങ്ങളും വേദനകളും ഇപ്പോഴും തന്നെ ഭയപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് വിവര്‍ത്തക രമാമേനോന്‍ പറഞ്ഞു. വിവര്‍ത്തനം ചെയ്ത അമ്പത്തിരണ്ട് ദിവസവും ഭയപ്പെടുത്തുന്ന ഓര്‍മകളാല്‍ രാത്രിയില്‍ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഗ്രീന്‍ ബുക്‌സ് എംഡി കൃഷ്ണദാസ് അധ്യക്ഷനായി. വി.ബി.ജ്യോതിരാജ്, ഗംഗാധരന്‍ ചെങ്ങാലൂര്‍, പി.ശങ്കരനാരായണന്‍, സ്‌നേഹലത, സനിത അനൂപ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."