ടിക്കറ്റ് ചാര്‍ജ് കണ്ടാല്‍ തീരും വോട്ട് പൂതി!
കൊണ്ടോട്ടി: ഉപതെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ കൊതിക്കുന്ന പ്രവാസികള്‍ക്കു വിമാന ടിക്കറ്റ് നിരക്ക് ഇരുട്ടടിയായി. സഊദി അറേബ്യ, യു.എ.ഇ മേഖലകളില്‍നിന്നെല്ലാം വോട്ടിനോടനുബന്ധിച്ചു നാട്ടിലേക്കു മടങ്ങാന്‍ കൊതിച്ച പ്രവാസികള്‍ക്കാണ് വിമാന നിരക്ക് വര്‍ധന വിലങ്ങുതടിയായത്.
വേനലവധി മുന്‍നിര്‍ത്തി നിരക്കു വര്‍ധനവ് മാത്രമല്ല, ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമാണ്. സഊദി അറേബ്യയിലാണ് മലപ്പുറം മണ്ഡലത്തിലെ മിക്ക പ്രവാസികളും ജോലി ചെയ്യുന്നത്. ശേഷിക്കുന്നവര്‍ ദുബൈ, ഷാര്‍ജ, അബൂദാബി, മസ്‌ക്കറ്റ്, കുവൈത്ത് മേഖലയിലുമാണ്. ജിദ്ദ, ദമാം, റിയാദ് മേഖലയില്‍ നിലവില്‍ വിമാന നിരക്ക് മൂന്നിരട്ടിയാണ് വര്‍ധിച്ചത്. സാധാരണ 9,700 മുതല്‍ 11,500 വരെ രൂപയ്ക്കു ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് ഇപ്പോള്‍ 27,000 മുതല്‍ 35,000 വരെയാണ്. ഉംറ സീസണ്‍ കൂടിയായതിനാല്‍ നിരക്ക് കുത്തനെ കൂടുകയുമാണ്. യു.എ.ഇ മേഖലയിലേക്ക് 4,500 മുതല്‍ 7,000 രൂപയ്ക്കുവരെ ലഭിച്ചിരുന്ന ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വര്‍ധിച്ച് 15,000 മുതല്‍ 20,000 രൂപ വരെയായി.
അതേസമയം, സഊദിയിലെ വലിയ പ്രവാസി സംഘടനയായ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പ്രവാസി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കെ.പി മുഹമ്മദ് കുട്ടി ചെയര്‍മാനും അരിമ്പ്ര അബൂബക്കര്‍ കണ്‍വീനറുമായുളള കമ്മിറ്റി പി.കെ കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."