കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം: പ്രതിഷേധങ്ങളില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യം
മലപ്പുറം: പൊലിസ് ആസ്ഥാനത്തു സമരം നടത്തിയ ജിഷ്ണുവിന്റെ കുടുംബത്തെ പൊലിസ് മര്‍ദിക്കുകയും ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തതില്‍ മലപ്പുറത്തു വ്യാപക പ്രതിഷേധം. യു.ഡി.എഫ്, കോണ്‍ഗ്രസ്, എം.എസ്.എഫ്, കെ.എസ്.യു, യുവമോര്‍ച്ച തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്.
ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളെല്ലാം മലപ്പുറത്തുണ്ടായിരുന്നതിനാല് പ്രതിഷേധ പ്രകടനങ്ങളില്‍ സംസ്ഥാന നേതാക്കളുടെ സാന്നിധ്യവുമുണ്ടായി. കെ.എസ്.യു പ്രവര്‍ത്തകര്‍ എസ്.പി ഓഫിസിലേക്കു നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പി.സി വിഷ്ണുനാഥ് എം.എല്‍.എ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എസ് അഭിജിത്ത്, പി. റിന്‍ഷാദ്, മനീഷ് എടപ്പാള്‍, സിദ്ദീഖ് പന്താവൂര്‍, റിയാസ് മുക്കോളി എന്നിവര്‍ക്കു പരുക്കേറ്റു. ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകരെ പൊലിസ് പിടിച്ചുവച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയത്.
പരുക്കേറ്റ സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയള്ള ആറുപേര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ന്ന് എം.എസ്.എഫ് പ്രവര്‍ത്തകരും എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ടി.പി അഷ്റഫലി ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ചാ പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. വൈകിട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യു.ഡി.എഫ് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നൂറുകണക്കിനു പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ഡി.സി.സി ഓഫിസില്‍നിന്ന് ആരംഭിച്ച പ്രകടനം കുന്നുമ്മലില്‍ സമാപിച്ചു. കെ.പി.എ മജീദ്, ഉമ്മന്‍ചാണ്ടി എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിനു ശേഷം യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഗതാഗതം തടസപ്പെട്ടു. അതിനിടെ, പ്രതിഷേധത്തിനിടയിലേക്കു കെ.എസ്.ആര്.ടി.സി ബസ് കടന്നുവന്നതു നേരിയ സംഘര്‍ഷത്തിനിടയാക്കി. പ്രകടനത്തിന് ഉമ്മന്‍ചാണ്ടി, എം.എല്‍.എമാരായ ആബിദ് ഹുസൈന് തങ്ങള്‍, ശാഫി പറമ്പില്‍, പി. ഉബൈദുല്ല, ഹൈബി ഈഡന് എന്നിവരും പി.കെ ഫിറോസ്, ടി.പി അഷ്റഫലി, എ.പി ഉണ്ണികൃഷ്ണന്, മുജീബ് കാടേരി തുടങ്ങിയവരും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."