ജോര്‍ജ്കുട്ടിയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞ് ഫാത്തിമ കാളികാവ് ഹിമ കെയര്‍ ഹോമിലെത്തി
കാളികാവ്: കരുണ വറ്റാത്ത കൊച്ചുപറമ്പില്‍ ജോര്‍ജ് കുട്ടിയുടെ നല്ല മനസ്സിന് നന്ദി പറഞ്ഞ് ഫാത്തിമ ഒറ്റമുറി വീട്ടില്‍ നിന്ന് കാളികാവ് ഹിമ കെയര്‍ ഹോമിലെത്തി. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിതത്തിലെ താങ്ങും തണലുമായിരുന്ന ഭര്‍ത്താവ് ഹൈദര്‍മാന്‍ മരണപ്പെട്ടതോടെ മക്കളില്ലാത്ത ഫാത്തിമ എന്ന ഇമ്മു താത്ത (84) പിന്നീടുള്ള കാലം അയല്‍വാസിയായ കൊച്ചുപറമ്പില്‍ ജോര്‍ജ് കുട്ടിയുടേയും ഭാര്യയുടെയും തണലിലായിരുന്നു കഴിഞ്ഞത്.
പൂക്കോട്ടുമണ്ണയിലെ തകര്‍ന്നു വീഴാറായ ഒറ്റമുറി വീട്ടില്‍ കഴിയുകയായിരുന്ന ഫാത്തിമയുടെ ഏക ആശ്രയമായ ജോര്‍ജ് കുട്ടിയുടെ ഭാര്യ മാസങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ടതോടെ ഫാത്തിമയുടെ ആകെയുള്ള അത്താണിയും നഷ്ടപ്പെട്ടു. ഭാര്യ മരണപ്പെട്ടതിന്റെ പ്രയാസത്തിനു പുറമെ ഫാത്തിമയുടെ ജീവിതവും ജോര്‍ജ്കുട്ടിയെ പ്രതിസന്ധിയിലാക്കി.
ആരോരുമില്ലാത്ത ഒറ്റമുറിയില്‍ കഴിഞ്ഞ ഫാത്തിമയുടെ പ്രയാസം മനസിലാക്കിയ പൂക്കോട്ടുമണ്ണ മഹല്ല് കമ്മിറ്റി വിഷയം ഹിമ ഭാരവാഹികളുടെ ശ്രദ്ധയില്‍പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഹിമ കെയര്‍ ഹോം ഭാരവാഹികള്‍ അവരെ ഏറ്റെടുത്തു.
ചടങ്ങില്‍ ഹിമ ജനറല്‍ സെക്രട്ടറി. ഫരീദ് റഹ്മാനി കാളികാവ്, സലാം ഫൈസി ഇരിങ്ങാട്ടിരി, പി.കെ മുസ്തഫ ഹാജി പള്ളിശ്ശേരി, സിദ്ദീഖ് മാസ്റ്റര്‍ ചുങ്കത്തറ, കുഞ്ഞാപ്പു, സൈതലവി ഹാജി, മുഹമ്മദ് റാഫി, എം.കെ ശരീഫ്, ഒ.പി അനീസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."