കടിയങ്ങാട് ചെറുപുഴ പാലം: മുന്‍പ് വാഹന ഗതാഗതത്തിനായി തുറന്നു, ഇപ്പോള്‍ ഉദ്ഘാടനത്തിനായി അടച്ചിട്ടു
പേരാമ്പ്ര: പുതിയങ്ങാടി-ചൊവ്വ സംസ്ഥാന പാതയുടെ ഭാഗമായ കുറ്റ്യാടി- പേരാമ്പ്ര റോഡില്‍ കടിയങ്ങാട് ചെറുപുഴക്കു കുറുകെയുള്ള പാലം ഉദ്ഘാടനത്തിനായി അടച്ചു. നേരത്തെ രണ്ടു മാസം മുന്‍പ് പാലം വാഹനഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു.
വാഹന ഗതാഗതത്തിനായ് തുറന്നു കൊടുത്ത പാലം അടച്ചത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന പാലം അപകടത്തിലായതിനാലാണ് പുതിയ പാലം നിര്‍മിച്ചത്. പുതിയ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പ്രവൃത്തി പൂര്‍ത്തിയാവുകയും സിഗ്നലും ഗാര്‍ഡ് സ്റ്റോണ്‍ ഉള്‍പ്പെടെയുള്ള റോഡ് സുരക്ഷാ പ്രവൃത്തികളും പൂര്‍ത്തിയായതുമാണ്. മൂന്നര കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി പ്രവൃത്തി പൂര്‍ത്തിയാക്കുകയായിരുന്നു.
നിലവിലുണ്ടായിരുന്ന വീതികുറഞ്ഞ റോഡിലൂടെയും അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോവുന്നത്. ഏറെ തിരക്കേറിയ സംസ്ഥാന പാതയില്‍ പുതിയ പാലവും റോഡും വന്നതോടെ വാഹന ഗതാഗതം സുഗമമായപ്പോഴാണ് മാസങ്ങള്‍ക്കു ശേഷം ഉദ്ഘാടന മാമാങ്കം നടത്താന്‍ അധികൃതര്‍ പാലം അടച്ചിട്ടിരിക്കുന്നത്. ഇതിനിടയില്‍ പാലത്തിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്ന പ്രചാരണവും പ്രവൃത്തി ഏറ്റെടുത്തു നടത്തിയവര്‍ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."