മഴ തുടരുന്നു നഷ്ടങ്ങളും: പാളകൊല്ലി കോളനി വാസികള്‍ ഇപ്പോഴും വെള്ളത്തില്‍
പുല്‍പ്പള്ളി: കെടുതിയില്‍ തുടരുന്ന പാഴ്‌വാക്കുകള്‍ക്ക് മാറ്റമില്ലാത്തതിനാല്‍ കോളനി വാസികള്‍ ഇപ്പോഴും വെള്ളത്തില്‍.
കാലവര്‍ഷം ശക്തമായതോടെ പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി താഴെകോളനിയിലെ 26 കുടുംബങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. കടമാന്‍തോട്ടില്‍ നിന്നും കോളനിയിലേക്ക് വെള്ളം കയറിയതോടെ വീടിനുള്ളില്‍ കഴിയാനാവാത്ത അവസ്ഥയിലാണ് കോളനിയിലെ കുടുംബങ്ങള്‍. തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ കടമാന്‍തോട് നിറഞ്ഞു. ഇതോടെയാണ് കോളനിയിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയത്. മഴ ശക്തമായാല്‍ ഈ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ് റവന്യൂ അധികൃതര്‍. കഴിഞ്ഞ വര്‍ഷം കോളനിയില്‍ വെള്ളം കയറിയപ്പോള്‍ ഈ കുടുംബങ്ങളെ പുല്‍പ്പള്ളിയിലെ സ്‌കൂള്‍ ക്യാംപിലേക്ക് മാറ്റിയിരുന്നു.
കോളനിയിലുള്ള 26 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി മുന്‍പ് പദ്ധതി തയാറാക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തനം ഉണ്ടാകാത്തതാണ് ഈ കുടുംബങ്ങള്‍ ദുരിതത്തിലാകാന്‍ കാരണം. വര്‍ഷാവര്‍ഷം കടമാന്‍തോട്ടില്‍ ജലനിരപ്പ് ഉയരുമ്പോള്‍ മാത്രമാണ് തങ്ങളുടെ കോളനിയിലെ പ്രശ്‌നങ്ങള്‍ അധികൃതര്‍ ഓര്‍ക്കാറുള്ളൂവെന്നാണ് കോളനിക്കാര്‍ പറയുന്നത്. അടിയന്തരമായി കോളനിയിലെ മുഴുവന്‍ കുടുംബങ്ങളെയും പുനരധിവസിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകണമെന്ന് കോളനിക്കാര്‍ ആവശ്യപ്പെട്ടു.
തരിയോട് ദുരിതാശ്വാസ ക്യാംപ് തുറന്നു
കാവുംമന്ദം: മഴയുടെ ശക്തി താരതമ്യേന കുറഞ്ഞെങ്കിലും മലവെള്ളം ക്രമാതീതമായി ഒലിച്ചിറങ്ങാന്‍ തുടങ്ങിയതോടെ തരിയോട് കാവുംമന്ദം പൊയില്‍ കോളനിയില്‍ വെള്ളം കയറി.
ഇതേത്തുടര്‍ന്ന് അമ്പതോളം കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലെ പതിനഞ്ചോളം കുടുംബങ്ങളെ കാവുംമന്ദം എ.എല്‍.പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റിപാര്‍പ്പിച്ചു. അവശേഷിക്കുന്നവര്‍ ബന്ധുവീടുകളിലേക്കും മാറിയിട്ടുണ്ട്. എല്ലാ വര്‍ഷവും കാലവര്‍ഷത്തില്‍ വെള്ളമുയര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളിലേക്കും ബന്ധു വീടുകളിലേക്കും താമസം മാറുന്നവരാണ് പൊയില്‍ കോളനിയിലുള്ളവര്‍. കോളനിയോട് ചേര്‍ന്നൊഴുകുന്ന തരിയോട് മലയില്‍ നിന്നുത്ഭവിച്ച് കോളനിയോട് ചേര്‍ന്നൊഴുകുന്ന പൊക്കന്‍തോട് കരകവിഞ്ഞൊഴുകുന്നതാണ് വീടുകളില്‍ വെള്ളം കയറാനിടയാക്കുന്നത്. തോടിന് സംരക്ഷണഭിത്തി കെട്ടി വെള്ളം പരന്നൊഴുകുന്നത് തടഞ്ഞാല്‍ പരിഹരിക്കാവുന്ന വിഷയമായിട്ടും വര്‍ഷാവര്‍ഷങ്ങളില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മഴക്കാലത്ത് മാറ്റിപാര്‍പ്പിക്കാന്‍ മാത്രമാണ് അധികൃതര്‍ തയാറാവുന്നത്.
മഴക്കെടുതിയില്‍ ഒറ്റപ്പെട്ട് എടത്തറക്കടവ് നിവാസികള്‍
പിണങ്ങോട്: ഇത്തവണയും കാലാവര്‍ഷം ശക്തിയായതോടെ മഴക്കെടുതിയില്‍ ഒറ്റപ്പെട്ട് എടത്തറക്കടവ് നിവാസികള്‍.
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഇത്തവണയും എടത്തറവ്, പന്നിയോറ കോളനിക്കാര്‍ ഓറ്റപ്പെട്ട സ്ഥിതിയിലാണ്. പിണങ്ങോട് പാലമുക്കിലെ റോഡില്‍ നിന്നും ഇവിടങ്ങളിലേക്കുള്ള റോഡില്‍ വെള്ളം കയറിയതിനാല്‍ എടത്തറക്കടവ് കോളനി വാസികള്‍ക്ക് യാത്ര ബുദ്ധിമുട്ടാകുന്നത്. എടത്തറക്കടവ്-പന്നിയോറ-ഇടിയംവയല്‍-ആറാംമൈല്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്ന ഈ റോഡ് ഇത്തവണയും വെള്ളത്താല്‍ മൂടപ്പെട്ടിരിക്കുകയാണ്.
റോഡ് പൂര്‍ണമായും വെള്ളത്തിനടിയില്‍ മൂടപ്പെട്ടതിനാല്‍ ഇവിടങ്ങളിലുള്ളവര്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ക്ക് വാങ്ങുന്നതിന് പോലും ടൗണുകളിലേക്ക് വരുന്നതിന് അസാധ്യമായിരിക്കുകയാണ്. റോഡ് ഉയര്‍ത്തി വരും വര്‍ഷങ്ങളിലെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണണമെന്നതാണ് പ്രദേശത്തുകാരുടെ ആവശ്യം.
ദുരിതപെരുമഴയില്‍ വയനാംകുന്ന് കോളനി
വൈത്തിരി: വയനാംക്കുന്ന് കോളനിക്കാരുടെ പുതിയ വീടെന്ന സ്വപ്നം ഇനിയും പൂര്‍ത്തിയായില്ല.
വേനലിന് മുമ്പേ നിര്‍മാണം എറ്റെടുത്ത കരാറുകാരന്‍ വിടുകളുടെ പണി തുടങ്ങാത്തതാണ് കോളനിക്കാരെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടത്. കാറ്റും മഴയും ശക്തമായതോടെ അടച്ചുറപ്പില്ലാത്ത ഷെഡ്ഡുകളില്‍ കഴിയുന്ന കുട്ടികളടക്കമുള്ള കുടുംബം പ്രാണ ഭീതിയിലാണ് കഴിഞ്ഞു കൂടുന്നത്. പൊഴുതന പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് വയനാംക്കുന്ന് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോളനിയില്‍ 11 കുടുംബങ്ങളിലായി നാല്‍പതോളം പേരാണ് താമസിക്കുന്നത്. 2005ല്‍ ലഭിച്ച വീടുകള്‍ പലതും കാലഹരണപ്പെട്ടതോടെ 2016ല്‍ കോളനിയിലെ അഞ്ചുകുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ നാല് ലക്ഷം രൂപ വീതം സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഫണ്ട് പാസായിട്ടും 2017 സെപ്തംബര്‍ മാസത്തിലാണ് പഴയ വീടുകള്‍ പൊളിച്ചുനീക്കി നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ നിര്‍മാണം ഏറ്റെടുത്ത കരാറുകാരന്‍ തറയുടെ നിര്‍മാണം മാത്രം നടത്തി മുങ്ങിയതായി കോളനിക്കാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."