പൊലിസ് അതിക്രമം; നാടെങ്ങും വ്യാപക പ്രതിഷേധം
നാദാപുരം: തലസ്ഥാനത്തു നീതി തേടിയെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയ്ക്കും ബന്ധുക്കള്‍ക്കും നേരെ ഉണ്ടായ പൊലിസ് കാടത്തത്തിനെതിരേ നാടെങ്ങും പ്രതിഷേധം വ്യാപകമാകുന്നു. നാദാപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ഇന്നലെ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
അറസ്റ്റ് വാര്‍ത്ത വന്നയുടനെ വളയത്ത് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. വൈകുന്നേരത്തോടെ നാദാപുരം, കല്ലാച്ചി, വാണിമേല്‍, തൂണേരി, നരിപ്പറ്റ, പാറക്കടവ് എന്നിവിടങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ജിഷ്ണുവിന്റെ ജന്മനാടായ പൂവാംവയലില്‍ നിന്നു വളയത്തേക്കു നാട്ടുകാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ നിരവധിപേര്‍ പങ്കെടുത്തു.
സംഭവമറിഞ്ഞ് നിരവധി പേര്‍ ജിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു.
വടകര: ജിഷ്ണു പ്രണോയിയുടെ അമ്മയെയും കുടുംബത്തെയും പൊലിസ് അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് റവല്യൂഷണറി യൂത്തിന്റെ നേതൃത്വത്തില്‍ വടകര സി.ഐ ഓഫിസ് മാര്‍ച്ച് നടത്തി. ഒാഫിസിനു മുന്നില്‍ മാര്‍ച്ച് പൊലിസ് തടഞ്ഞു.തുടര്‍ന്നു നടന്ന പ്രതിഷേധ യോഗം റവല്യൂഷണറി യൂത്ത് സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി.കെ സിബി ഉദ്ഘാടനം ചെയ്തു. ഷാജിത്ത് എ.പി, അബ്ദുള്‍ ലിനീഷ്, കെ.ടി.കെ വിഭിലേഷ് സംസാരിച്ചു.
പേരാമ്പ്ര: ബി.ജെ.പി പ്രവര്‍ത്തകര്‍ പേരാമ്പ്രയില്‍ പ്രകടനത്തിന് കെ.കെ രജീഷ്, എ. ബാലചന്ദ്രന്‍, തറമ്മല്‍ രാജേഷ്, കെ. സുലോചന്‍, പി.കെ ഷാജി നേതൃത്വം നല്‍കി.
തേങ്ങലടക്കാനാവാതെ സഹോദരി ആവിഷ്ണ
നാദാപുരം: തിരുവനന്തപുരത്ത് അമ്മയ്ക്കും അച്ഛനുമെതിരേയുള്ള പൊലിസ് അതിക്രമം ടി.വിയില്‍ കണ്ട സഹോദരി ആവിഷ്ണയ്ക്ക് തേങ്ങലടക്കാനായില്ല. കഴിഞ്ഞ ദിവസം അമ്മയും കുടുബവും സമരത്തിനായി യാത്ര തിരിക്കുമ്പോള്‍ ആവിഷ്ണയ്‌ക്കൊപ്പം അമ്മൂമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമാധാനപരമായി സമരം ചെയ്യാന്‍ പോയ തന്റെ അച്ഛനെയും അമ്മയെയും എന്തിനാണ് പൊലിസ് അക്രമിച്ചതെന്നാണ് ജിഷ്ണുവിന്റെ സഹോദരി ആവിഷ്ണ ചോദിക്കുന്നത്. ഇന്നലെ നാട്ടുകാര്‍ നടത്തിയ പ്രകടനത്തില്‍ നിന്ന് സി.പി.എം നേതാക്കള്‍ വിട്ടുനിന്നു. പ്രകടനത്തിന് സി. ബാബു, രവീന്ദ്രന്‍, സുകമാരന്‍ നേതൃത്വം നല്‍കി. ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കു നേരെ നടന്ന പൊലിസ് അതിക്രമം നീതീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മണ്ഡലം യു.ഡി.എഫ് ഭാരവാഹികളായ അഹ്മദ് പുന്നക്കല്‍, എ. സജീവന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."