മാഞ്ചസ്റ്റര്‍ സിറ്റിക്ക് കിരീടം
ലണ്ടന്‍: ആവേശത്തോടൊപ്പം നാടകീയ രംഗങ്ങളും അരങ്ങേറിയ ഫൈനലില്‍ കരുത്തരായ ചെല്‍സിയെ കീഴടക്കി മാഞ്ചസ്റ്റര്‍ സിറ്റി ഇ.എഫ്.എല്‍ കപ്പ് കിരീടം നേടി.
പെനാല്‍റ്റിയിലേക്ക് നീണ്ട മത്സരത്തില്‍ മികച്ച പോരാട്ടം കാഴ്ചവച്ച ചെല്‍സിയെ 4-3 എന്ന നിലയിലാണ് സിറ്റി മറികടന്നത്. ചെല്‍സിയുടെ ജോര്‍ജിഞ്ഞോ, ഡേവിഡ് ലൂയിസ് എന്നിവര്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. സിറ്റിയുടെ സാനെയുടെ ഷോട്ട് ചെല്‍സി ഗോള്‍കീപ്പര്‍ കെപ തടുത്തെങ്കിലും വിജയം സ്വന്തമായില്ല. തുടര്‍ച്ചയായ രണ്ടാം കിരീടമാണ് സിറ്റി ഇന്നലെ സ്വന്തമാക്കിയത്. സിറ്റിയുടെ ആറാം ഇ.എഫ്.എല്‍ കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ആഴ്‌സനലിനെ 3-0ത്തിന് തകര്‍ത്തായിരുന്നു ചെല്‍സി കിരീടം നേടിയത്.
വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചെല്‍സി പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രീമിയര്‍ ലീഗില്‍ 6 ഗോളുകള്‍ക്ക് തോറ്റതിനാല്‍ സിറ്റിക്കെതിരേ തന്ത്രങ്ങളില്‍ മാറ്റം വരുത്താന്‍ പരിശീലകന്‍ മൗറീസിയോ സാറി തയാറായി. ഇരു ടീമുകള്‍ക്കും മത്സരത്തില്‍ വേണ്ടത്ര അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മിന്നലാക്രമണവുമായി ചെല്‍സിയും പന്ത് കൈവശംവച്ച് സിറ്റിയും കളിച്ചതോടെ മത്സരം ആവേശകരമായി. ആദ്യ പകുതിയില്‍ ചെല്‍സി പ്രതിരോധത്തില്‍ മാത്രം ശ്രദ്ധിച്ചു കളിച്ചു. തുടരെ ചെല്‍സി ഗോള്‍മുഖം ആക്രമിച്ച മാഞ്ചസ്റ്റര്‍ സിറ്റി നിരവധി തവണ ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം മാത്രം അകന്നുനിന്നു. ഗോള്‍കീപ്പര്‍ കെപയും മികച്ച സേവുകളുമായി ചെല്‍സിയെ ആദ്യ പകുതിയില്‍ രക്ഷിച്ചു. പക്ഷേ രണ്ടാം പകുതിയില്‍ ഹസാര്‍ഡിലൂടെയും കാന്റെയിലൂടെയും ചെല്‍സി ശക്തമായി തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ടാര്‍ജറ്റിലേക്ക് ഒരു ഷോട്ട് പോലുമടിക്കാന്‍ ചെല്‍സിക്ക് കഴിഞ്ഞില്ല. കളിയുടെ മുഴുവന്‍ സമയത്തും അധിക സമയത്തും ഇരുടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങിയത്.
അതിനിടെ, പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളിയെ മാറ്റാനുള്ള ചെല്‍സി പരിശീലകന്‍ സാറിയുടെ ശ്രമം വിവാദത്തിനിടയാക്കി. വില്ലി കാബല്ലെറോയെ പകരക്കാരനാക്കാനായിരുന്നു പരിശീലകന്റെ നിര്‍ദേശം. എന്നാല്‍ കെപ അരിസബലാഗ മാറാന്‍ കൂട്ടാക്കിയില്ല.
നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചെല്‍സിയെ ജയിപ്പിച്ച ചരിത്രം കാബല്ലെറോയ്ക്കുണ്ട്. പരിശീലകന്റെ നിര്‍ദേശം അവഗണിച്ച കെപയ്‌ക്കെതിരേ നടപടിയുണ്ടായേക്കും. സനെയുടെ പെനാല്‍റ്റി തടുത്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കെപയ്ക്ക് ഈ കളി വലിയ നാണക്കേടായി മാറുമായിരുന്നു. പ്രീമിയര്‍ ലീഗില്‍ കിതയ്ക്കുന്ന ചെല്‍സി നേരത്തെ എഫ്.എ കപ്പില്‍നിന്ന് പുറത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."