ദുരൂഹ സാഹചര്യത്തില്‍ കാറും സ്‌കൂട്ടറും കത്തിനശിച്ചു
പടിഞ്ഞാറത്തറ: ദുരൂഹ സാഹചര്യത്തില്‍ കാറും സ്‌കൂട്ടറും കത്തിനശിച്ചു. പടിഞ്ഞാറത്തറ ഗ്രേസ്ഫുള്‍ ഫെല്ലോഷിപ്പ് പെന്തകോസ്ത് പ്രാര്‍ഥനാലയത്തിലെ പാസ്റ്റര്‍ മാത്യു ഫിലിപ്പിന്റെ കാറും സ്‌കൂട്ടറുമാണ് കത്തി നശിച്ചത്.
പടിഞ്ഞാറത്തറയില്‍ പാല്‍ സൊസൈറ്റിക്ക് സമീപമുള്ള കെട്ടിടത്തിലെ ഇവരുടെ പ്രാര്‍ഥനാലയത്തിനും, വീടിനും താഴെ ഭാഗത്തായി നിര്‍ത്തിയിട്ടിരുന്ന കെ.എല്‍ 59 സി 3836 ആള്‍ട്ടോ കാറും, കെ.എല്‍ 12 ജി 7025 സ്‌കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. നാട്ടുകാരും, ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീയണച്ചത്. അജ്ഞാതര്‍ കത്തിച്ചതാണെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. ബംഗളുരു ആസ്ഥാനമായുള്ള പ്രാര്‍ഥനാ സഭയുടെ അംഗമാണ് പാസ്റ്റര്‍ മാത്യു ഫിലിപ്പ്. ഇരിട്ടി സ്വദേശിയായ ഇദ്ദേഹം 12 വര്‍ഷത്തോളമായി ഭാര്യയോടും രണ്ട് മക്കളോടുമൊപ്പം പടിഞ്ഞാറത്തറ ആസ്ഥാനമായി പ്രാര്‍ഥനാലയം നടത്തി വരികയാണ്. സമീപത്തെ വീടുകള്‍ കേന്ദ്രീകരിച്ചും പാസ്റ്റര്‍ മതപ്രഭാഷണങ്ങള്‍ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തന്നോടുള്ള വ്യക്തിവൈരാഗ്യം കൊണ്ട് തല്‍പരകക്ഷികള്‍ വാഹനങ്ങള്‍ കത്തിച്ചതാണെന്നാണ് വിശ്വസിക്കുന്നതെന്ന് പാസ്റ്റര്‍ മാത്യു ഫിലിപ്പ് പറഞ്ഞു. സമീപത്തെ പാല്‍ സൊസൈറ്റിയിലേക്കും തീ പടര്‍ന്നെങ്കിലും ഓടിക്കൂടിയ നാട്ടുകാരുടെ സമയോജിത ഇടപെടല്‍ വന്‍ദുരന്തം ഒഴിവാക്കുകയായിരുന്നു. പാസ്റ്ററുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പടിഞ്ഞാറത്തറ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."