നവാസ് ശരീഫിന്റെ ജാമ്യാപേക്ഷ തള്ളി
ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ ശിക്ഷയനുഭവിക്കുന്ന പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ ജാമ്യാപേക്ഷ ഇസ്‌ലാമാബാദ് ഹൈക്കോടതി തള്ളി. അനാരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നവാസ് ശരീഫ് ജാമ്യം തേടിയത്. എന്നാല്‍, ഇന്നലെ അപേക്ഷപരിഗണിച്ച ഹൈക്കോടതി, ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹത്തിനു ജാമ്യം നല്‍കാന്‍ മതിയായ രേഖകളില്ലെന്നു ചൂണ്ടിക്കാട്ടി. നിലവില്‍ ഏതൊരു പാകിസ്താനിക്കും ലഭിക്കുന്നതിനെക്കാള്‍ മികച്ച പരിചരണമാണ് ഹരജിക്കാരനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹരജിക്കാരന്റെ അസുഖം അതീവഗുരുതരമല്ല. തുടര്‍ച്ചയായ ജയില്‍ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യത്തിന് ഹാനികരമാവുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് ഇല്ലെന്നും വ്യക്തമാക്കിയാണ് നവാസിന്റെ ജാമ്യം നിഷേധിച്ചത്.
അഴിമതിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് സുപ്രിംകോടതി അയോഗ്യത കല്‍പിച്ചതോടെ 2017 ജൂലൈയിലാണു നവാസ് ശരീഫ് പ്രധാനമന്ത്രിപദം ഒഴിഞ്ഞത്. അല്‍ അസീസിയ സ്റ്റീല്‍ മില്‍സ് അഴിമതി കേസില്‍ കഴിഞ്ഞവര്‍ഷം നവാസ് ശരീഫിനെ ഏഴുവര്‍ഷത്തെ തടവു ശിക്ഷയും രണ്ടര കോടി ഡോളര്‍ പിഴയും വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."