ഹൈദരാബാദിലെ നോമ്പും പെരുന്നാളും
ഇക്കഴിഞ്ഞ ശഅ്ബാന്‍ 29 ബുധനാഴ്ച. മഗ്‌രിബിന് പഹാഡീ ശരീഫിലെ ദര്‍ഗയിലായിരുന്നു. ബാബാ സയ്യിദ് ശറഫുദ്ദീന്‍ സുഹ്‌റവര്‍ദി ഇറാഖിയുടെ ചാരത്ത്. കുന്നിനു മുകളിലെ ആ ദര്‍ഗക്കു പരിസരത്തായി ബാബയുടെ ബന്ധുക്കളുടേതും ശിഷ്യരുടേതുമായി നിരവധി ഖബറുകള്‍. ചെങ്കുത്തായുള്ള കുന്ന്. അതിന്റെ ഉച്ചിയില്‍ വിരാജിക്കുന്നു ഹഖാഇഖുകളുടെ സുല്‍ത്താന്‍. അവിടെ എത്തിപ്പെടാന്‍ പടവുകള്‍ ഏറെ കയറാനുണ്ട്, രണ്ടര്‍ഥത്തിലും. ശഅ്ബാന്‍ 19നു നടന്ന ഉറൂസിന്റെ ബാക്കിപത്രമെന്നോണം പടവുകള്‍ മുഴുക്കെ ചുവന്ന കാര്‍പറ്റ് വിരിച്ചുകിടപ്പുണ്ട്. ആറുകിലോമീറ്ററപ്പുറം ബാലാപൂരിലെ റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാംപില്‍ എസ്.കെ.എസ്.എസ്.എഫ് ആരംഭിച്ച കുടിവെള്ള പ്രൊജക്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ് അസ്വറ് നിസ്‌കരിച്ച് ഇറങ്ങുമ്പോള്‍ കൂട്ടുകാരിലൊരാളാണ് പഹാഡി ശരീഫിലേക്കു പോയാലോ എന്നു ചോദിച്ചത്.
സയ്യിദ് ശറഫുദ്ദീന്‍ സുഹ്‌റവര്‍ദി. ഇവിടത്തുകാരുടെ ബാബാസാബ്. ഹിജ്‌റ 640ല്‍ ബാബ ഇവിടെയെത്തിയെന്നാണു ചരിത്രം. ഡെക്കാന്‍ പ്രവിശ്യയിലൊട്ടുക്കും സുഹ്‌റവര്‍ദി സരണിയുടെ വ്യാപനത്തില്‍ ബാബയുടെ പങ്ക് നിസ്തുലമാണ്. മലമുകളില്‍ ജീവിതം നയിക്കുമ്പോഴും യോഗ്യരായ ഖലീഫമാരെ താഴെ നഗരത്തിലേക്ക് അയച്ചിട്ടുണ്ട് ബാബ. ഓള്‍ഡ്‌സിറ്റിയിലടക്കം ഹൈദരാബാദിന്റെ പലേടത്തുമായി ഖലീഫമാരുടെ മഖ്ബറുകളുണ്ട്. മഗ്‌രിബിനു തൊട്ടുമുന്നെ ദര്‍ഗയിലെത്തി. നിസ്‌കാരവും സിയാറത്തും കഴിഞ്ഞ് ബാബയുടെ അടുത്തുതന്നെ ഇരുന്നു. റമദാന്‍മാസം കണ്ട ലക്ഷണമൊന്നും ഇല്ല. ഭക്ഷണം ബാര്‍കാസില്‍ നിന്നാക്കാമെന്നു തീരുമാനിച്ച് പഹാഡി ശരീഫിന്റെ പടിയിറങ്ങി.
ബാര്‍കാസ്, കാര്യമായി യമനി മുസ്‌ലിംകളുടെ ഗല്ലി. അവിടത്തെ കാവ പൊതുവെ പേരുകേട്ടതാണ്, സുലൈമാനിയും. വെള്ളിയാഴ്ചരാവുകളിലെ കറക്കങ്ങളില്‍ ഇടയ്ക്ക് അവിടെ പോയി കാവ കുടിച്ചിട്ടുണ്ട്. പ്രത്യേകതരം ലുങ്കികളുടുത്ത അറബി പിന്‍തലമുറ അര്‍ധരാത്രിയും സംസാരിച്ചിരിക്കുന്നുണ്ടാകും. ഉണക്കിയ ഇഞ്ചി ചേര്‍ത്തുണ്ടാക്കുന്ന കാവക്ക് നോമ്പുകാലത്ത് ആവശ്യക്കാരേറും. നാലു കാവ പറഞ്ഞു. അതു കുടിച്ചുതീരുമ്പോഴേക്ക് വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ റമദാനുറച്ച സന്ദേശം ശബ്ദിച്ചുതുടങ്ങി. പരിസരത്ത് എവിടെയോനിന്ന് ഉച്ചത്തിലുള്ള ഒരു സൈറണും.
പട്ടാളകേന്ദ്രത്തെ സൂചിപ്പിക്കുന്ന ബാരക്‌സില്‍നിന്നാണ് ബാര്‍കാസ് എന്ന പേരു വന്നത്. ഇവിടത്തെ ഹദര്‍മൗത്ത് കുടിയേറ്റത്തെ കുറിച്ച് ഒമര്‍ ഖാലിദിയുടെ ഒരു പഠനമുണ്ട്. ഹൈദരാബാദ്, ഗുജറാത്ത്, മറാത്ത തുടങ്ങിയ ഭരണകൂടങ്ങളുടെ പട്ടാളക്കാരായി മുസ്‌ലിംകള്‍ ഇന്ത്യയിലേക്കു കുടിയേറിയതു ചരിത്രപരമായി അടയാളപ്പെടുത്തുന്നുണ്ട് ഖാലിദി. അക്കാലത്ത് നൈസാമുമാരുടെ പട്ടാളകേന്ദ്രം നാലുകുന്നുകള്‍ക്കിടയിലുള്ള ഈ പ്രദേശമായിരുന്നു. പില്‍ക്കാലത്ത് രാജഭരണങ്ങള്‍ അവസാനിച്ചപ്പോള്‍ അവയ്ക്കു കീഴിലുണ്ടായിരുന്ന എല്ലാ അറബികളും ഹൈദരാബാദിലെ ബാര്‍കാസ് പ്രദേശത്തേക്ക് മറ്റൊരു കുടിയേറ്റം കൂടി നടത്തുകയായിരുന്നുവെന്നും നിരീക്ഷിക്കുന്നുണ്ട് അദ്ദേഹം. യമന്‍ കൂടാതെ, സഊദി അറേബ്യ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിംകളുടെ പിന്‍തലമുറയും ഇക്കൂട്ടത്തിലുണ്ടെന്നര്‍ഥം.
ബാര്‍കാസില്‍നിന്നു മന്തിയും കഴിച്ചു. ഇനി ഹോസ്റ്റലിലെത്തണം. റോഡിലിറങ്ങി ഓട്ടോക്കു കൈകാണിച്ചു. തൊപ്പിയിട്ട ഡ്രൈവര്‍. വിലപേശാനൊന്നും സമയമില്ല, പെട്ടെന്ന് കേറൂ എന്നയാള്‍. 'ഇക്കൊല്ലത്തെ ആദ്യ തറാവീഹാണ്, മക്കാ മസ്ജിദിലെത്തണം. ഏഴ് കിലോമീറ്റര്‍ ഓടാനുണ്ട്.' റമദാന്‍ വന്നാല്‍ തറാവീഹ് മുഴുവനും മക്കാ മസ്ജിദില്‍ തന്നെ നിസ്‌കരിക്കണമെന്നു നിര്‍ബന്ധമുള്ള പലരുമുണ്ട് ഇവിടെ. വണ്ടി ഫലക്‌നുമയിലെത്തി. 50 രൂപവാങ്ങി റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി പറഞ്ഞുതീരുന്നതിനു മുന്നെ അയാള്‍ വണ്ടിയെടുത്തു. ആ ഇരുട്ടിലും അയാളുടെ മുഖം തിളങ്ങി. അവിടെ രണ്ടു മക്കകളും കണ്‍ചിമ്മിത്തുറന്നു കണ്ടു.
ഓള്‍ഡ്‌സിറ്റി, നൈസാമുമാരുടെ ഭരണതലസ്ഥാനം. റമദാന്‍ മുപ്പതും ഹയാത്താകുന്നിടം. രാത്രി ഏറെ കഴിഞ്ഞും നീളുന്ന കച്ചവടം. ചാര്‍മിനാറിനു പരിസരത്തായി നോമ്പുതുറ വിഭവങ്ങളുമായി തല്‍ക്കാലത്തേക്ക് ഉയരുന്ന തട്ടുകടകള്‍. ഹലീമും കബാബും തലാവാഗോഷ്തുമെല്ലാം രുചി പകരുന്ന പ്ലേറ്റുകള്‍. മോടി പിടിപ്പിച്ച ഷോപ്പുകളില്‍ പ്രത്യേകമായി സ്ഥാപിച്ച സൗണ്ട്‌ബോക്‌സുകള്‍. തറാവീഹ് കഴിഞ്ഞാല്‍ പിന്നെ രാത്രി പുലരുവോളം കസ്റ്റമേഴ്‌സിനുള്ള ക്ഷണമാവും സിറ്റി നിറയെ. ഷാദാബ് അടക്കം പരിസരത്തെ ഹോട്ടലുകള്‍ സഹരി വരെ തുറന്നിരിക്കും. നോമ്പ് അവസാനമായാല്‍ പെണ്ണുങ്ങളുടെ കൂടി തിരക്കാവും സിറ്റിയില്‍. അപ്പോഴേക്കും പുതിയ ഹെന്ന ഷോപ്പുകള്‍ സജീവമാകും നിരത്തില്‍. വിവിധ നിറങ്ങളിലായി നിരത്തിവച്ച മൈലാഞ്ചികളില്‍ കാലിനും കൈയിനും വിരലിനുമുള്ളതെല്ലാം വെവ്വേറെ തന്നെ അവര്‍ വാങ്ങിക്കൂട്ടും.
ചാര്‍മിനാറിനോടു ചാരിയാണ് മക്കാ മസ്ജിദ്. മുഹമ്മദ് ഖുലി ഖുതുബ്ശാഹ് ആണ് ഈ പള്ളി പണിതത്. മക്കയില്‍നിന്ന് എത്തിച്ച മണ്ണു ചേര്‍ത്താണ് ആദ്യഘട്ടത്തിനാവശ്യമായ ഇഷ്ടിക ചുട്ടെടുത്തത്. റമദാന്‍ ചന്ദ്രിക ആകാശത്തിനുമുന്നെ ഓള്‍ഡ്‌സിറ്റിയിലുദിക്കും. മസ്ജിദിലെ ഹൗളില്‍ വെള്ളത്തിനു തെളിമ കൂടും. അതിനു ചുറ്റുമുള്ള മാര്‍ബിള്‍ ഇരിപ്പിടത്തിനും. അവിടെ ഒരിക്കല്‍ ഇരുന്നവന്‍ വീണ്ടും ഇരിക്കാനെത്തുമെന്നാണു വയ്പ്പ്. ദിവസങ്ങള്‍ പോകെപ്പോകെ ആകാശത്തെ ചന്ദ്രക്കല മാര്‍ബിളിലും കൂടുതല്‍ തെളിഞ്ഞുവരും. അടുത്ത വര്‍ഷത്തെ ഇരിപ്പറിയിച്ചു പെരുന്നാളിനുമുന്നെ ചക്രവാളത്തില്‍ നേര്‍ത്തില്ലാതാകും. നോമ്പ് അടുത്താല്‍ മസ്ജിദ് മൊത്തം മോടി കൂടും. ചുറ്റിലും ഘടിപ്പിക്കുന്ന ലൈറ്റുകളില്‍ വൃതശുദ്ധി മിന്നിത്തിളങ്ങും. പള്ളിയുടെ വിശാലമായ തുറസില്‍ താല്‍ക്കാലിക പന്തലു വിരിയും. തറാവീഹിന് ഓള്‍ഡ്‌സിറ്റിയും പരിസരവും ഈ പള്ളിയിലാണ് സ്വഫ് കെട്ടുന്നത്. ആ ആള്‍ക്കൂട്ടം പിന്നെ പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞു പരസ്പരം നെഞ്ചോടു ചേര്‍ത്തുപിടിച്ച ശേഷമാവും പിരിഞ്ഞുപോവുക.
ചെറിയ പെരുന്നാള്‍ വെളുത്ത പൈജാമയും ജുബ്ബയുമിട്ട് മക്കാ മസ്ജിദില്‍ തിരക്കൂകൂട്ടും. പറവകള്‍ ഒഴിഞ്ഞ അകത്തളം കുഞ്ഞുമക്കള്‍ കൈയടക്കും. സ്വഫില്‍ ഇരിപ്പുറക്കാതെ അവര്‍ കുറുകും. പറവകള്‍ മേലേ മിനാരങ്ങളില്‍ ഖുതുബ കേള്‍ക്കാനിരിക്കും. ഇമാമിന്റെ സലാം മുസല്ല വിട്ടുയരുന്നതോടെ കൂട്ടമായി അവ ആകാശത്തേക്കുയരും. തൊട്ടപ്പുറത്തെ കെട്ടിടത്തിനുമുകളില്‍ തത്സമയ സംപ്രേഷണത്തിനായി നിലയുറപ്പിച്ച പ്രാദേശിക ചാനല്‍ കാമറകള്‍ അത് സൂം ചെയ്ത് ഒപ്പിയെടുക്കും.
പൊതുവെ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കപ്പെടുന്ന മക്കാ മസ്ജിദില്‍ പെരുന്നാളിന് അനുവാദം കിട്ടാന്‍ വലിയ പാടാണെന്ന് ഒരു അനുഭവസ്ഥ. രാവിലെ മുതല്‍ തന്നെ പൊലിസുകാര്‍ ഗെയിറ്റിനു പുറത്ത് ഡ്യൂട്ടിയിലുണ്ടാകും. മസ്ജിദിനു പുറത്ത് റോഡില്‍ വരിവരിയായിരുന്നു ഭിക്ഷയാചിക്കുന്നവരെ നിയന്ത്രിക്കുകയാവും അവരുടെ പ്രധാന പണി. അതിരാവിലെ ആദ്യമെത്തുന്ന ഭിക്ഷക്കാര്‍ക്ക് ഗെയിറ്റിനുതൊട്ടടുത്തു തന്നെ ഇരിപ്പുറപ്പിക്കാം. നിസ്‌കാരത്തിനായി വരുന്നവര്‍ പലരും ജുബ്ബകളില്‍ ഒളിപ്പിച്ച പത്തിന്റെയും ഇരുപതിന്റെയും നോട്ടുകെട്ടുകളില്‍നിന്ന് ഓരോന്നായി അവര്‍ക്കു വീതിച്ചുനല്‍കും. പെരുന്നാള്‍ നിസ്‌കാരത്തിനു മുന്നെ വരുത്തുന്ന അവസാനവട്ട ശുദ്ധീകരണം. നോമ്പ് കരിക്കാതെ ബാക്കിവച്ചത് ഈ സദഖ ദഹിപ്പിച്ചുകളയും. പലരും ഈ വിതരണം കൈയില്‍ തൂങ്ങിവരുന്ന മക്കളെയാണ് ഏല്‍പിക്കുക. ആ കുഞ്ഞു മനസുകളില്‍ പെരുന്നാളിന്റെ അര്‍ഥം പുടവചുറ്റി കനത്തുവരുന്നത് അപ്പോള്‍ നേരിട്ടുകാണാം. ഓരോ വിശ്വാസികളെത്തുമ്പോഴും തങ്ങളുടെ വക കൈയിലാക്കാന്‍ ഭിക്ഷയിരക്കുന്നവര്‍ ക്യൂ തെറ്റിക്കും. സൂത്രത്തില്‍ ഗെയിറ്റിനടുത്തേക്കു നീങ്ങിവരുന്നവരെ പൊലിസ് വരിയുടെ അവസാനത്തിലേക്കു മാറ്റിയിരുത്തും.
മക്കാ മസ്ജിദിലെ ഇഫ്താറിനുമുണ്ട് പോരിശ. അവശ്യസന്നാഹങ്ങളുമായി പലരും മഗ്‌രിബിന് കുടുംബസമേതമാണ് ഇവിടെയെത്തുക. ബീവികളും കുഞ്ഞുങ്ങളുമൊത്ത് അവരവരുടെ വട്ടം തീര്‍ക്കും. വാങ്കുവിളിക്കുന്നതോടെ പാനംചെയ്ത് അന്നത്തെ നോമ്പ് തുറക്കും; പിറ്റേന്നുമുതല്‍ ഈമാനിലുറച്ചാവും ജീവിതമെന്ന ഒരു മഹാവ്രതത്തിന് നിയ്യത്തുവയ്ക്കും.
ശബെ മിഅ്‌റാജ്, മിഅ്‌റാജ് രാവ്. ഓള്‍ഡ്‌സിറ്റി ആ രാവിനെപോലും 'ഹയാത്താ'ക്കാറുണ്ട്. അന്ന് സിറ്റിയിലെ പ്രധാനപ്പെട്ട ഫ്‌ളൈഓവറുകള്‍ രാത്രി 10 മുതല്‍ രാവിലെ വരെ അടവായിരിക്കും. അതുസംബന്ധമായി ഔദ്യോഗിക വിജ്ഞാപനമിറങ്ങാറുണ്ട് ഓരോ കൊല്ലവും. ബൈക്കുകളിലിറങ്ങി നിരത്തുകളിലെ കറക്കം ഈ ഹയാത്താക്കലിന്റെ പ്രധാനഭാഗമാണ്. അതിനിടക്ക് അപകടങ്ങളില്ലാതിരിക്കാനാണ് ഔദ്യോഗികമായി ഫ്‌ളൈഓവറുകള്‍ അടച്ചിടുന്നത്. അന്നുമുതല്‍ പിന്നെ സിറ്റി ഉറക്കമൊഴിച്ചിരിപ്പാണ്. ശബെ ബറാത്തും കഴിഞ്ഞ് പെരുന്നാള്‍ വരെ.
...........................................
2015ലായിരുന്നു ഹൈദരാബാദിലെ ആദ്യപെരുന്നാള്‍. ഗസ്സയില്‍ ഇസ്‌റാഈല്‍ അതിക്രൂരമായ ബോംബാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന സമയമാണത്. നിസ്‌കാരം കൂടിയത് മക്കാ മസ്ജിദിലായിരുന്നു. എ4 പേപ്പറില്‍ പ്രിന്റെടുത്ത 'ഈദ് വിത്ത് ഗസ്സ' എന്ന പ്ലക്കാര്‍ഡുമായാണ് അന്നു നിസ്‌കാരത്തിനു പോയത്. വര്‍ഷങ്ങള്‍ക്കിപ്പുറം റസാന്‍ നജ്ജാറിന്റെ ധീരശഹാദത്താണ് ഈ പെരുന്നാളിനെ ഫലസ്തീനില്‍ അടയാളപ്പെടുത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."