യുവാവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി; രണ്ടു പേര്‍ അറസ്റ്റില്‍
കാഞ്ഞങ്ങാട്: ഗള്‍ഫില്‍ നടത്തിയ ഇടപാടിലെ മൂന്നുകോടി രൂപ ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയി മംഗളൂരുവില്‍ ബന്ദിയാക്കി ക്രൂരമായി മര്‍ദിച്ചു. പടന്നക്കാട് കരുവളത്തെ മുഹമ്മദ് ഹനീഫ(34)യെയാണ് മംഗളൂരുവിലേക്ക് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു കുദ്രോളിയിലെ അബ്ദുള്‍ റഷീദ് (25), അബുഭായി എന്ന അബൂബക്കര്‍ ഉസ്മാന്‍ (40) എന്നിവരെ ഹൊസ്ദുര്‍ഗ് സി.ഐ സി.കെ സുനില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ സാധനം വാങ്ങാനായി കാഞ്ഞങ്ങാട്ടേക്ക് പോയ ഹനീഫയെ ബിസിനസ് കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് റഷീദും അബൂബ ക്കറും ചേര്‍ന്ന് മംഗലാപുരത്തേക്ക് വിളിച്ചുകൊണ്ടു പോവുകയായിരുന്നു. ഇവിടെ നിന്നും മുഹമ്മദ് ഹനീഫയെ രണ്ടുപേരും ചേര്‍ന്ന് കദ്രോളിയിലെ ഒരു കെട്ടിടത്തില്‍ ബന്ദിയാക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അബ്ദുള്‍ റഷീദിന്റെ ഗള്‍ഫിലുള്ള അളിയന്‍ ഇബ്രാഹിം മുഖേന അബ്ദുള്‍ റഷീദ് മൂന്നുകോടിയോളം രൂപ മുഹമ്മദ് ഹനീഫക്ക് നല്‍കിയിരുന്നുവത്രെ. അറബിയില്‍ നിന്നും കടം വാങ്ങിയാണത്രെ ഇത്രയും പണം ഹനീഫക്ക് നല്‍കിയത്. എന്നാല്‍, ഈ പണം തിരിച്ചു നല്‍കിയില്ലത്രെ. ഇതിനു വേണ്ടിയാണ് ഹനീഫയെ തട്ടിക്കൊണ്ടുപോയത്. സംഭവ ദിവസം വൈകിട്ട് ഹനീഫയുടെ മൊബൈല്‍ ഫോണില്‍ നിന്നും ഭാര്യാമാതാവ് മറിയയെ വിളിച്ച് ഹനീഫയുടെ പാസ്‌പോര്‍ട്ടും അഞ്ചു സെന്റ് വില്‍പ്പന നടത്തിയ പണവും എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. പണവും പാസ്‌പോര്‍ട്ടും വാങ്ങാന്‍ ഒരാള്‍ വരുമെന്നും മറിയയെ അറിയിച്ചു. ഇതിനിടയില്‍ പണവും പാസ്‌പോര്‍ട്ടും വാങ്ങാന്‍ വരുന്നതായി മുക്കൂട് സ്വദേശിയായ യുവാവ് മറിയത്തെ ഫോണില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു. ഇതോടെ മറിയം ഹൊസ്ദുര്‍ഗ് പൊലിസില്‍ പരാതി നല്‍കി. പൊലിസ് മറിയത്തെ വിളിച്ച ഫോണ്‍ നമ്പര്‍ സൈബര്‍ സെല്‍ മുഖേന പരിശോധിച്ച് മുക്കൂട് യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലിസും കര്‍ണാടക പൊലിസും തന്ത്രപൂര്‍വം നടത്തിയ അന്വേഷണത്തിലൂടെയാണ് ഹനീഫയെ ബന്ദിയാക്കിയ താവളം കണ്ടെത്തിയത്. ഇരുപത് പേരടങ്ങുന്ന ക്വട്ടേഷന്‍ സംഘമായിരുന്നു റഷീദിന്റെ നേതൃത്വത്തില്‍ ഹനീഫയെ ബന്ദിയാക്കിയത്. മംഗളൂരു പൊലീസിലെ സായുധ സേനയുടെ സഹായത്തോടെയാണ് ഹൊസ്ദുര്‍ഗ് പൊലിസ് ഹനീഫയെ മോചിപ്പിക്കുകയും രണ്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. അതേ സമയം മുക്കൂട് സ്വദേശിയായ യുവാവിന് തട്ടിക്കൊണ്ടുപോകലുമായി യാതൊരു ബന്ധമില്ലെന്നും മുന്‍ പരിചയം വച്ച് അബ്ദുള്‍റഷീദ് യുവാവിനെ പണവും പാസ്‌പോര്‍ട്ടും വാങ്ങാനായി ഏര്‍പ്പെടുത്തുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്്തു. എസ്‌ഐ വിഷ്ണുപ്രസാദ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ വി.കെ പ്രസാദ്, ധനേഷ്, രതീഷ്ചന്ദ്രന്‍, രഞ്ജിത്ത് സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."