13 ജലമേളകളുമായി കേരള ബോട്ട്‌റേസ് ലീഗ് ഓഗസ്റ്റ് മുതല്‍
തിരുവനന്തപുരം: കേരളത്തിലെ 13 ജലമേളകള്‍ ഉള്‍പ്പെടുത്തി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന കേരള ബോട്ട് റേസ് ലീഗ് ഓഗസ്റ്റ് 11 ന് ആരംഭിക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ ഒന്നുവരെയാണ് ലീഗ്. ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ബോട്ട് റേസ് ലീഗ് ജലോത്സവങ്ങള്‍ക്കും ടൂറിസം മേഖലയ്ക്കും കൂടുതല്‍ ആവേശം പകരുമെന്ന് മന്ത്രി പറഞ്ഞു.
ഓഗസ്റ്റ് 11 ന് ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്‌റു ട്രോഫി വള്ളംകളി യോഗ്യതാ മത്സരമായി കണക്കാക്കി 20 ചുണ്ടന്‍ വള്ളങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒന്‍പത് എണ്ണത്തിനെ തുടര്‍ന്നുള്ള ലീഗ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. ആലപ്പുഴയിലെ പുന്നമട, പുളിങ്കുന്ന്, കൈനകരി, കരുവാറ്റ, മാവേലിക്കര, കായംകുളം, എറണാകുളത്തെ പിറവം, പൂത്തോട്ട, തൃശൂരിലെ കോട്ടപ്പുറം, കോട്ടയത്തെ താഴത്തങ്ങാടി, കുമരകം കവണാറ്റിന്‍കര, കൊല്ലത്തെ കല്ലട, കൊല്ലം എന്നിവയാണ് ലീഗ് മത്സര വേദികള്‍. നവംബര്‍ ഒന്നിന് കൊല്ലത്ത് നടക്കുന്ന പ്രസിഡന്റ്‌സ് ട്രോഫി മത്സരത്തോടെ കേരള ബോട്ട് റേസ് ലീഗിന് കൊടിയിറങ്ങും. 15 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബോട്ട് റേസിന് സ്‌പോണ്‍സര്‍ഷിപ്പ് ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഓരോ ലീഗ് മത്സരത്തിലും ഒന്നാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും, രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷം രൂപയും സമ്മാനത്തുക ലഭിക്കും. മത്സരങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ക്ക് പോയിന്റ് നല്‍കി അതിന്റെ അടിസ്ഥാനത്തിലാകും അന്തിമ വിജയിയെ പ്രഖ്യാപിക്കുക. കേരള ബോട്ട് റേസ് ലീഗ് കിരീടം നേടുന്നവര്‍ക്ക് 10 ലക്ഷം രൂപയാണ് സമ്മാനം. സംസ്ഥാന തലത്തില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചെയര്‍മാനും ധനകാര്യ മന്ത്രി ഡോ. ടി.എം.തോമസ് ഐസക് എക്‌സ് ഒഫിഷ്യോ ചെയര്‍മാനുമായ കമ്മിറ്റി നേതൃത്വം നല്‍കും. വള്ളംകളി സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന പതിമൂന്ന് കേന്ദ്രങ്ങളിലും സ്ഥലം എം.എല്‍.എ ചെയര്‍മാനായി ബോട്ട് റേസ് ലീഗ് സബ്കമ്മിറ്റികള്‍ രൂപീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."