ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരേ നടന്നത് പൊലിസ് പരാക്രമമെന്ന് എം.എ ബേബി
തിരുവനന്തപുരം: തന്റെ മകന്റെ മരണത്തില്‍ നീതി തേടി പൊലിസ് ആസ്ഥാനത്ത് സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവിന് നേരെ നടന്നത് പൊലിസിന്റെ പരാക്രമമെന്ന് പി.ബി അംഗം എം.എ ബേബി. ഈ പരാക്രമം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും ഇതില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊലിസിന്റെ പരാക്രമം ഒരിക്കലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയമല്ല. ഈ സര്‍ക്കാരിന്റെ നയം മനസിലാക്കാത്തവര്‍ ചെയ്തതാണിത്. പൊലിസ് ആസ്ഥാനത്ത് പ്രതിഷേധപ്രകടനം പാടില്ലെന്ന വാദത്തിന് യാതൊരു പ്രസക്തിയുമില്ല. പൊലിസ് സ്റ്റേഷനു മുമ്പില്‍ സമരമാകാമെങ്കില്‍ പൊലിസ് ആസ്ഥാനത്തും സമരമാകാം എന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.
എം.എ ബേബിയുടെ ഫെയ്‌സ്ബുക്ക് പേജിന്റെ പൂര്‍ണ രൂപം...
മരിച്ച മകന് നീതിതേടി പൊലിസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ നേരെ നടത്തിയ പരാക്രമം കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പൊലിസ് നയം മനസ്സിലാക്കാത്തവര്‍ ചെയ്തതാണ്. ജനങ്ങളുടെ പ്രതിഷേധങ്ങളോട് ഇതല്ല നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് മനസ്സിലാക്കാതെ പ്രവര്‍ത്തിക്കുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി എടുക്കേണ്ടതാണ്.
പൊലിസ് സ്റ്റേഷനുകളിലേക്ക് മാര്‍ച്ചും സ്റ്റേഷനു മുന്നില്‍ സത്യഗ്രഹവും കേരളത്തില്‍ സാധാരണമാണ്. പൊലിസ് സ്റ്റേഷനു മുന്നില്‍ സമരമാകാമെങ്കില്‍ പൊലിസ് ആസ്ഥാനത്ത് സമരമാകാനാവില്ല എന്ന വാദത്തിന് ഒരു ന്യായവുമില്ല. പൊലീസ് നടപടിയിലെ അപാകതയ്‌ക്കെതിരേയാണ് മഹിജയ്ക്ക് സമരം ചെയ്യാനുള്ളതും. മറ്റു സമരങ്ങളോടെടുക്കുന്ന സമീപനമേ ഈ സമരത്തിലും പൊലിസ് എടുക്കാന്‍ പാടുള്ളായിരുന്നു. പൊലിസ് ആസ്ഥാനം സമരത്താല്‍ അശുദ്ധമാകാന്‍ പാടില്ലാത്ത ഒരു സ്ഥലം എന്ന വാദത്തിന് ഒരു പ്രസക്തിയുമില്ല.
കുറച്ചു നാള്‍ മുമ്പ് ജിഷ്ണു പ്രണോയിയുടെ വീട് ഞാന്‍ സന്ദര്‍ശിച്ചിരുന്നു. ജിഷ്ണുവിന്റെ അമ്മയും പിതാവും മറ്റു കുടുംബാംഗങ്ങളും കടന്നു പോകുന്ന കഠിനമായ ദു:ഖവും നീതി നിഷേധത്തിലുള്ള പ്രതിഷേധവും അവരെന്നോട് പങ്കുവച്ചതാണ്. കേരളത്തിലെ വികലമായ സ്വാശ്രയവിദ്യാഭ്യാസത്തിന്റെ ഇരയാണ് ജിഷ്ണു പ്രണോയ്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും ഉചിതമായ ശിക്ഷ നേടിക്കൊടുക്കാനും എല്ലാ ജനാധിപത്യവാദികളും ഒന്നിക്കണം. സ്വാശ്രയ കോളജുകള്‍ക്ക് എന്തു തോന്ന്യാസവും ചെയ്യാന്‍ സൗകര്യമുണ്ടാക്കിയ യു.ഡി.എഫുകാരും വര്‍ഗീയവാദികളും ജിഷ്ണുവിന്റെ മരണത്തെ രാഷ്ട്രീയനേട്ടത്തിന് ഉപയോഗിക്കുന്നതും തുറന്നു കാട്ടപ്പെടണം.
1957ലെ ആദ്യ സര്‍ക്കാര്‍ മുതല്‍ പൊലിസ് നയം സംബന്ധിച്ച് സര്‍ക്കാരും പൊലിസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഈ സംഘര്‍ഷം നിലനിന്നിരുന്നു. അന്നത്തെ പ്രതിപക്ഷത്തോട് നിയമസഭയില്‍ സഖാവ് ഇ.എം.എസ് പറഞ്ഞു, 'പൊലിസിനെ നിര്‍വീര്യമാക്കുന്നു എന്നുളള ആരോപണത്തിന്റെ അര്‍ഥം ബ്രിട്ടീഷ് ഭരണകാലത്ത് പൊലിസിനുണ്ടായിരുന്ന വീര്യവും, കഴിഞ്ഞ പത്തു കൊല്ലക്കാലത്ത് പൊലിസ് ഈ നാട്ടില്‍ കാണിച്ച വീര്യവും കാണിക്കാതിരിക്കുന്നു എന്നുള്ളതാണെങ്കില്‍ അതു വേണമെന്നാണ് ഗവണ്‍മെന്റിന്റെ നയം. ഈ നാട്ടില്‍ പൊലിസിനെക്കുറിച്ച് ഒരു ചരിത്രം ഉണ്ട്. ഈ നാട്ടില്‍ പൊതുജനങ്ങളെ മര്‍ദിച്ച് ഒതുക്കുന്ന നയം ഈ നാട്ടിലെ പൊലിസിനുണ്ടായിരുന്നു. അത് കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ ഇന്നു പറയുന്നതല്ല. കോണ്‍ഗ്രസ്സില്‍ത്തന്നെ ഞാന്‍ ചേര്‍ന്നു നിന്നിരുന്ന കാലത്ത് പൊലിസിനെതിരായി ഇങ്ങനെയുള്ള ആരോപണം കോണ്‍ഗ്രസ്സില്‍നിന്നുതന്നെ ഉണ്ടായിട്ടുള്ളതാണ്.
ബ്രിട്ടീഷ് ഗവണ്‍മെന്റ് ആധിപത്യം ഇവിടെ നിലനിര്‍ത്തുന്നതിന് ഉണ്ടാക്കിയിട്ടുള്ളതാണ് ഈ പൊലിസ്. ഭരണം നിലനിര്‍ത്തുന്നതിന് ആവശ്യമായ വീര്യം പൊലിസിന് ഉണ്ടാക്കുന്നതിന് ബ്രിട്ടീഷ് ഭരണം കരുതിക്കൂട്ടിയുള്ള ചില നടപടികള്‍ എടുത്തിട്ടുണ്ട്. അതിന്റെ ഫലമായിട്ട് പൊലിസിനുണ്ടായ വീര്യം എന്തായിരുന്നുവെന്ന് ഈ നാട്ടിലെ പൊതുജനങ്ങള്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എവിടെയൊക്കെ കര്‍ഷകത്തൊഴിലാളികളും മുതലാളികളും തമ്മില്‍ തര്‍ക്കമുണ്ടോ അവിടെ വന്നു പൊലിസ്, എവിടെ പണിമുടക്കു വന്നോ അവിടെ വന്നു പൊലിസ്, തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ സാധിച്ചുകിട്ടുന്നതിനുവേണ്ടി അവര്‍ സംഘടിച്ച് പണിമുടക്ക് നടത്തുകയാണെങ്കില്‍ അവിടെ വന്നു പൊലിസ്. ഇങ്ങനെയൊരു പാരമ്പര്യം ഇവിടെയുണ്ട്. നാട്ടിലെ ജനങ്ങള്‍ക്കെതിരായി, അധ്വാനിക്കുന്ന വിഭാഗത്തിനെതിരായി, പൊലിസിനെ ഉപയോഗിക്കുന്ന ഒരു പാരമ്പര്യം ഇവിടെ ഉണ്ടായിട്ടുണ്ട്. ആ പാരമ്പര്യം അവസാനിപ്പിക്കണമെന്നാണ് ഗവണ്‍മെന്റിന്റെ ആഗ്രഹം. ആ പാരമ്പര്യം അവസാനിപ്പിച്ച് ഈ നാട്ടില്‍ തൊഴിലാളികളും മുതലാളികളും തമ്മിലും, കര്‍ഷകത്തൊഴിലാളികളും ജന്മികളും തമ്മിലും നടക്കുന്ന സമരത്തില്‍, പൊലിസിന്റെ സഹായം തേടാതെ അതെല്ലാം സമാധാനപരമായി, പ്രശ്‌നത്തിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കി, ആ പ്രശ്‌നങ്ങളിലേക്കു കടന്നുചെന്ന് തീര്‍ക്കുക എന്ന ഒരു പുതിയ പാരമ്പര്യം ഇവിടെ സൃഷ്ടിക്കണമെന്നാഗ്രഹിക്കുകയാണ്.
ഈ പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നതുമൂലം പൊലിസ് നിര്‍വീര്യമാകുമെങ്കില്‍ ഈ ഗവണ്‍മെന്റ് പൊലിസിനെ നിര്‍വീര്യമാക്കിത്തീര്‍ക്കുന്നതിന് പരിശ്രമിക്കുന്നുണ്ട് എന്നു പറഞ്ഞതിനോട് ഞാന്‍ യോജിക്കുന്നു. പൊലിസിന് ചില പണികളുണ്ട്. കളവ്, കൊല, കൊള്ള, മുതലായ സാമൂഹ്യവിരുദ്ധമായിട്ടുള്ള കുറ്റങ്ങളും ക്രമക്കേടുകളും നാട്ടിലില്ലാതാക്കണം. ഈ കാര്യത്തില്‍ പൊലിസ് നിര്‍വീര്യമാകുന്നു എങ്കില്‍ അത് ഈ സംസ്ഥാനത്തിന് ആപത്താണ്. അത് ഇല്ലാതാക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാരുടെ ഉദ്ദേശ്യമെങ്കില്‍ അതിന് ഈ ഗവണ്‍മെന്റ് പ്രതിപക്ഷത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണ്. അതിനുള്ള തകരാറുകള്‍ തീര്‍ക്കാന്‍ ഈ ഗവണ്‍മെന്റ് തീര്‍ച്ചയായും പരിശ്രമിക്കും. തൊഴിലാളികളുടെ പണിമുടക്കുകളില്‍ പൊലിസിനെ ഉപയോഗിക്കുന്നതിന് കഴിഞ്ഞ കാലങ്ങളില്‍ അനുവര്‍ത്തിച്ചിരുന്ന നയം ഉണ്ടായിരിക്കണമെന്നാണ് ബഹുമാനപ്പെട്ട മെംബര്‍മാര്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിനോട് യോജിക്കാന്‍ ഞാന്‍ തയ്യാറല്ല. (ഇ.എം.എസ് സമ്പൂര്‍ണകൃതികള്‍, സഞ്ചിക 18, പുറം 242-44).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."