സമ്മര്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാംപുകള്‍ക്ക് തുടക്കമായി
പാലക്കാട്: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബും കേരള ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മര്‍ ഫുട്‌ബോള്‍ കോച്ചിങ് ക്യാംപുകള്‍ക്ക് റെയില്‍വേ കോളനി ഗ്രൗണ്ട്, അലനല്ലൂര്‍ പഞ്ചായത്ത് ഗ്രൗണ്ട്, ചെര്‍പ്പുളശ്ശേരി ശബരി സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ആരംഭിച്ചു. 14 ജില്ലകളിലും ക്യാംപ് ആരംഭിച്ചിട്ടുണ്ട്. കെ.എഫ്.എയുടെ ലൈസന്‍സുകളുള്ള കോച്ചുകളാണു എല്ലാ ജില്ലകളിലും കുട്ടികളെ പരിശീലിപ്പിക്കുക.
അണ്ടര്‍ 10, അണ്ടര്‍ 12, അണ്ടര്‍ 14, അണ്ടര്‍ 16 വിഭാഗങ്ങളിലായിരിക്കും പരിശീലനം. കേരള ബ്ലാസ്റ്റേഴ്‌സും കെ.എഫ്.എയും കോച്ചുകള്‍ക്കു മികച്ച പരിശീലനം നല്‍കാനുള്ള വിവിധ കോഴ്‌സുകള്‍ക്കു രൂപം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആലപ്പുഴയില്‍ നടന്നുകൊണ്ടിരിക്കുന്ന ഡി ലൈസന്‍സ് കോഴ്‌സില്‍ 24 കോച്ചുകള്‍ പങ്കെടുക്കുന്നുണ്ട്. അടുത്ത ഒരു വര്‍ഷത്തിനകം പരിശീലകര്‍ക്കുവേണ്ടി ഇത്തരത്തിലുള്ള 30 ക്യാംപുകള്‍ സംഘടിപ്പിക്കും. ക്യാംപില്‍ മികവ് തെളിയിക്കുന്ന താരങ്ങള്‍ക്കു കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗ്രാസ് റൂട്ട്‌സ്, യൂത്ത് ഡവലപ്‌മെന്റ് പരിപാടികളിലേക്കു നേരിട്ട് അവസരം ലഭിക്കും.
സമ്മര്‍ ക്യാംപില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെയും കെ.എഫ്.എയുടെയും ബ്രാന്‍ഡഡ് ജഴ്‌സിയും സര്‍ട്ടിഫിക്കറ്റും നല്‍കും. ക്യാംപുകളുടെ ഭാഗമായി ഗ്രാസ് റൂട്ട് ഫെസ്റ്റിവലുകളും കാര്‍ണിവലുകളും സംഘടിപ്പിക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ സുജിത്ത് കോഓര്‍ഡിനേറ്റര്‍ 9061227271, രാജേഷ് (കോച്ച്) 9496235587, അബ്ദുല്‍ അജിത്ത് 9447381731 എന്നിവരുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."