കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
കൊടുങ്ങല്ലൂര്‍: കരൂപ്പടന്ന കനോലി കനാലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ രക്ഷപ്പെട്ടു. കാണാതായ യുവാവിനായി ദേശീയ ദുരന്ത സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചു.
പറവൂര്‍ കുഞ്ഞിത്തൈ പട്ടണം വട്ടപ്പറമ്പില്‍ സഗീറിന്റെ മകന്‍ സമദ് (19) നെയാണ് കാണാതായത്. മാല്യങ്കര എസ്.എന്‍. ജി.എസ്.ടി. കോളജിലെ ഒന്നാം വര്‍ഷ ബി.സി.എ. വിദ്യാര്‍ത്ഥിയാണ് സമദ്. പുത്തന്‍ചിറ എടാകൂടത്തില്‍ ഷംസുദ്ദീന്റെ മകന്‍ ഷംസാദ് (20), പുല്ലൂറ്റ് വിയ്യത്തുകുളങ്ങര പടിഞ്ഞാറുഭാഗം കണ്ണാങ്കുളം അബ്ദുള്‍കരീമിന്റെ മകന്‍ ജാസിര്‍ (17) എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. വ്യാഴാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സമദ് പിതാവിന്റെ സഹോദരി പുത്രന്‍മാരായ ഷംസാദ്, ജാസിര്‍ എന്നിവരോടൊപ്പം കനോലി കനാലിലെ കരൂപ്പടന്ന ഗോതുരുത്ത് കടവിന് സമീപം കുളിക്കാനിറങ്ങിയത്. ശക്തമായ അടിയൊഴുക്കുള്ള ഈ ഭാഗത്ത് പാറ ഇടുക്കിലുള്ള കുഴിയില്‍പ്പെട്ട സമദിനെ കാണാതാവുകയായിരുന്നു.
സമദിന് തൊട്ടടുത്തുണ്ടായിരുന്ന ജാസിര്‍ നീന്തി കരയിലെത്തി. ഇതേസമയം ഷംസാദിന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഓടിയെത്തിയ ജാസിറിന്റെ പിതാവ് അബ്ദുള്‍കരീം മുങ്ങിതാന്നുകൊണ്ടിരുന്ന ഷംസാദിനെ കൈയ്യില്‍ പിടിച്ച് വലിച്ച് കരയിലെത്തിച്ചു. രക്ഷപ്പെട്ട രണ്ടുപേരെയും ഉടനെ ആസ്പത്രിയില്‍ എത്തിച്ചു. സംഭവം അറിഞ്ഞ് വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും, തൃശൂരില്‍ നിന്നെത്തിയ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും പുല്ലൂറ്റ് കനോലി കനാലില്‍ തിരച്ചില്‍ നടത്തിയിട്ടും സമദിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജില്ലാ കലക്ടറുമായി ബന്ധപ്പെട്ട് ദേശിയ ദുരന്ത സുരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. പിതാവിന്റെ ഉമ്മയുടെ ആണ്ട് ചടങ്ങുകള്‍ക്കായാണ് സമദ് പുത്തന്‍ചിറയിലെ തറവാട്ട് വീട്ടില്‍ എത്തിയത്. അവിടെ നിന്നും ബന്ധുവായ ഷംസാദിനെയും കൂട്ടി പുല്ലൂറ്റ് വിയ്യത്തുകുളങ്ങരയിലുള്ള പിതൃസഹോദരിയുടെ വീട്ടില്‍ എത്തുകയായിരുന്നു. ഇവിടെ നിന്നും ജാസിറിനെയും കൂട്ടുകയായിരുന്നു. കടുത്ത ചൂടില്‍ നിന്നും രക്ഷപ്പെടാനാണ് മൂവരും വീടിന് സമീപത്തെ കനോലി കനാലില്‍ കുളിക്കാനിറങ്ങിയത്. യുവാക്കള്‍ അപകടത്തില്‍പെട്ട വാര്‍ത്തയറിഞ്ഞ് ആയിരക്കണക്കിനാളുകള്‍ പുഴയോരത്ത് തടിച്ചുകൂടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."