ബംഗളൂരു പാത: കര്‍ണാടക മുഖ്യമന്ത്രിക്ക് പിണറായിയുടെ കത്ത്
കണ്ണൂര്‍: കണ്ണൂര്‍-ബംഗളൂരു അന്തര്‍ സംസ്ഥാനപാതയില്‍ കാലവര്‍ഷക്കെടുതിമൂലം തകര്‍ന്ന പെരുമ്പാടി- മാക്കൂട്ടം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിക്ക് കത്തയച്ചു. ഗതാഗതം പൂര്‍ണമായും നിരോധിച്ച നടപടി ഒഴിവാക്കി റോഡ് ഉടന്‍ പുനര്‍നിര്‍മിക്കുകയാണു വേണ്ടതെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. നിരോധനം കാരണം മാനന്തവാടിയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതിനാല്‍ കേരളം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.
ഉത്തരകേരളത്തിലുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലേക്കുള്ള റോഡുകള്‍ തകര്‍ന്നിരുന്നെങ്കിലും അവ വളരെ പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കുകയും കര്‍ണാടകത്തിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടി കൈക്കൊള്ളുകയുമാണ് കേരളം ചെയ്തത്. കര്‍ണാടകയുമായി ബന്ധപ്പെടുന്ന ഒരുറോഡിലും ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കുടക് ഡെപ്യൂട്ടി കമ്മിഷനര്‍ ഉത്തരവിലൂടെ പെരുമ്പാടി- മാക്കൂട്ടം ചുരം റോഡ് വഴി ഗതാഗതം ഒരുമാസത്തേക്കു നിരോധിക്കുകയും വാഹനങ്ങള്‍ മാനന്തവാടി, തോല്‍പ്പെട്ടി, കുട്ട, മൈസൂരു റോഡ് വഴി തിരിച്ചുവിടുകയുമാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് അടിയന്തര നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."