അധികാരത്തില്‍ വന്നാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരം സംരക്ഷിക്കും:രാഹുല്‍
ഗുവാഹത്തി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സംസ്കാരവും ചരിത്രവും ഭാഷയും സംരക്ഷിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അസമില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിലാണ് ബി.ജെ.പിയും സംഘ്പരിവാറും ശ്രമിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സംഘ്പരിവാര്‍-ബി.ജെ.പി ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം സാധാരണ ജനജീവിതത്തെ പ്രതിസന്ധിയിലാക്കുകയാണ്.
ഇവിടുത്തെ ജനങ്ങളുടെ ജീവിത ശൈലിയും സംസ്കാരവും ഭാഷയുമെല്ലാം ബി.ജെ.പിക്കനുകൂലമാക്കി മാറ്റാനാണ് മോദിയും അമിത്ഷായും ചേര്‍ന്ന് നടത്തുന്നത്.
കോണ്‍ഗ്രസ് അധികാരത്തിലേറിയാല്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്വത്വം നിലനിര്‍ത്തുന്നതിന് ജാഗ്രത പാലിക്കും.
അസമിന് പ്രത്യേക പദവി നല്കുന്നതിനു പുറമെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാവസായിക-നിക്ഷേപ പ്രോത്സാഹന നയം കൊണ്ടുവരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ജനങ്ങളുടെ അവകാശങ്ങള്‍ എന്തെല്ലാം ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാതാക്കിയോ അതെല്ലാം കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുനഃസ്ഥാപിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."