ജയത്തോടെ ഉറുഗ്വെ തുടങ്ങി
ഏകാതെറിന്‍ബര്‍ഗ്: ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ ഉറുഗ്വെക്ക് വിജയത്തുടക്കം. ഈജിപ്തിനെതിരേ ഒരു ഗോളിനാണ് ഉറുഗ്വെ ജയിച്ചത്.
89-ാം മിനുറ്റില്‍ ജോസ് മരിയ ജിമെനെസാണ് ഉറുഗ്വെക്ക് ഹെഡ്ഡറിലൂടെ വിജയ ഗോള്‍ സമ്മാനിച്ചത്. സുവര്‍ണാവസരങ്ങള്‍ തുലച്ചില്ലായിരുന്നെങ്കില്‍ നാല് ഗോളിനെങ്കിലും ഉറുഗ്വെയ്ക്ക് ഈജിപ്തിനെ കീഴടക്കാമായിരുന്നു. മറുവശത്ത് ഡിയേഗോ ഗോഡിന്റെ നേതൃത്വത്തിലുള്ള തകര്‍പ്പന്‍ പ്രതിരോധം ഈജിപ്ത് മുന്നേറ്റത്തെ ചെറുത്തു. ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ പരുക്കേറ്റ സ്റ്റാര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാഹ് ഇല്ലാതെയണ് ഈജിപ്ത് ഉറുഗ്വെയെ നേരിടാന്‍ ഇറങ്ങിയത്. ലാറ്റിനമേരിക്കന്‍ കരുത്തരായ ഉറുഗ്വെയ്ക്ക് പോരാട്ടം അനായാസമായിരിക്കുമെന്ന് കരുതിയെങ്കിലും ഈജിപ്ഷ്യന്‍ പ്രതിരോധം ഒരുക്കിയ മതില്‍ തകര്‍ത്ത് മുന്നേറാന്‍ കഴിഞ്ഞില്ല.
ഉറുഗ്വെ നന്നായി തന്നെ ഈജിപ്തിന് മുന്നില്‍ വിയര്‍ത്തു. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. 25ാം മിനുട്ടില്‍ ലഭിച്ച സുവര്‍ണാവസരം ഉറുഗ്വെ നഷ്ടപ്പെടുത്തി. ആറടി അടുത്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ബാഴ്‌സലോണ സ്‌ട്രൈക്കര്‍ സുവാരസ് അവിശ്വസനീയമായി പന്ത് പുറത്തേക്കടിച്ച് കളഞ്ഞു. രണ്ടാം പകുതിയിലും സുവാരസിന് മാറ്റമൊന്നുമുണ്ടായില്ല. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച രണ്ട് അവസരങ്ങളാണ് സുവാരസ് നഷ്ടപ്പെടുത്തിയത്. ഇതിനിടെ തന്നെ കവാനിയുടെ ഒരു ഫ്രീകിക്ക് ബാറില്‍ തട്ടി തെറിച്ചു. മത്സരം അവസാനിക്കാന്‍ ഒരു മിനുട്ട് മാത്രം ശേഷിക്കേ പോരാട്ടം സമനിലയില്‍ എന്നുറപ്പിച്ച ആശ്വാസത്തില്‍ ഈജിപ്ത്. ഇതിനിടെയാണ് ഈജിപ്തിന്റെ നെഞ്ചകം തകര്‍ത്ത് ഹിമെനസിന്റെ ഹെഡ്ഡര്‍ വലകുലുക്കിയത്. സാഞ്ചസിന്റെ ഫ്രീകിക്കില്‍ ഉയര്‍ന്നു ചാടിയ ഹിമെനസ് ഹെഡ് ചെയ്ത് പന്ത് വലയിലാക്കി.സ്‌കോര്‍: ഉറുഗ്വേ 1, ഈജിപ്ത് 0.
ബ്രസീലിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ലോകകപ്പിന് യോഗ്യത നേടിയ ഉറുഗ്വേ നിരയില്‍ ജയിക്കാനുള്ള പോരാട്ട വീര്യം ദൃശ്യമായില്ല. അവസാന പത്ത് മിനുട്ടിലാണ് ഉറുഗ്വെ കളിച്ച് തുടങ്ങിയത്. 1970ന് ശേഷം ആദ്യമായാണ് ലോകകപ്പിന്റെ ആദ്യ മത്സരം ഉറുഗ്വേ ജയിക്കുന്നത്.
ഈജിപ്ത് ആകട്ടെ ഗോളടിയന്ത്രം മുഹമ്മദ് സലാഹിനെ സൈഡ് ബെഞ്ചില്‍ ഇരുത്തിയാണ് പോരാട്ടത്തിന് ഇറങ്ങിയത്. പ്രതിരോധത്തിന് ഊന്നല്‍ നല്‍കി ആദ്യ നിമിഷം മുതല്‍ പന്തുതട്ടിയ ഈജിപ്ത് സമനില മാത്രമാണ് കൊതിച്ചത്. സമനില ഉറപ്പിച്ചെന്ന് കരുതിയ നിമിഷത്തിലാണ് ഈജിപ്തിന്റെ നെഞ്ചകം തകര്‍ന്നത്.
അത്‌ലറ്റിക്കോ മാഡ്രിഡിന്റെ പ്രതിരോധ താരം ഹിമെനസ് ഈജിപ്തിനെ കരയിച്ചു. ഉറുഗ്വേയ്ക്കായി 41 രാജ്യാന്തര മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ഹിമെനസ് നാല് ഗോളുകളും സമ്മാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."