കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ പ്രതിഷേധ ധര്‍ണ നടത്തി
നെടുമ്പാശേരി: വിദേശത്തു കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ വിഡിയോ കോണ്‍ഫറന്‍സില്‍ പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹം നിരാശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി എം.പി. നെടുമ്പാശേരി വിമാനത്താവളത്തിനു മുന്നില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ ധര്‍ണയുടെ സമാപനം വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് പ്രവാസികളെ നാട്ടിലെത്തിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ തത്ത്വത്തില്‍ സമ്മതിച്ചത്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സമ്മര്‍ദം തുടര്‍ന്നേ മതിയാകൂ എന്നതാണ് ഇതു സൂചിപ്പിക്കുന്നത്. അല്ലെങ്കില്‍ പ്രവാസികളുടെ മടക്കം ഇനിയും ആഴ്ചകള്‍ നീണ്ടേക്കാമെന്നും ആന്റണി പറഞ്ഞു. പ്രവാസികളെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് 'പ്രവാസി മനസ്സിനൊപ്പം: അവര്‍ അന്യരല്ല, നമുക്ക് സ്വന്തം' എന്ന മുദ്രാവാക്യമുയര്‍ത്തി യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവരാണ് വിമാനത്താവളത്തിനു മുന്നി ധര്‍ണ നടത്തിയത്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വീഡിയോ കോണ്‍ഫറന്‍സിലൂടെ ധര്‍ണ ഉദ്ഘാടനം ചെയ്തു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.എം ഹസന്‍, യു.ഡി.എഫ് നേതാക്കള്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സമരത്തെ അഭിവാദ്യം ചെയ്തു. മുന്‍ മന്ത്രി കെ. ബാബു, എം.എല്‍.എമാരായ ടി.ജെ വിനോദ്, വി.ഡി സതീശന്‍, പി.ടി തോമസ് തുടങ്ങിയവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."