ആറുമാസം പിന്നിടുമ്പോഴും തുമ്പുണ്ടാക്കാനാകാതെ പൊലിസ്
ആലത്തൂര്‍: ടൗണിലെ കോര്‍ട്ട് റോഡില്‍ രണ്ടു സ്വര്ണകടകളില് ആറുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണത്തിന്റെ അന്വേഷണത്തില്‍ പൊലിസ് ഇപ്പോഴും ഇരുട്ടില്‍ തന്നെ. മോഷ്ടാക്കളെക്കുറിച്ച് യാതൊരു സൂചനയും ഇതുവരേയും ലഭിച്ചിട്ടില്ല.
ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ തുടങ്ങിയവരുടെ വിശദമായ പരിശോധനകളെല്ലാം നടന്നിരുന്നുവെങ്കിലും ഇതുവരേയും യാതൊരു തുമ്പും ഉണ്ടാക്കാന്‍ പൊലിസിന് കഴിയാത്തതില്‍ നാട്ടുകാരും അതൃപ്തരാണ്. താലൂക്ക് ഓഫിസ്, പൊലിസ് സ്റ്റേഷന്, കോടതി എന്നിവയെല്ലാം സ്ഥിതി ചെയ്യുന്നതിനടുത്തുള്ള രണ്ടു സ്വര്ണകടകളിലാണ് 2015 ഡിസംബര്‍ 28ന് രാത്രി മോഷ്ടാക്കള്‍ മുന്‍ഭാഗം ഷട്ടര്‍തകര്‍ത്ത് മോഷണം നടത്തിയത്. സ്വര്‍ണകടയിലെ സി.സി.ടി.വികളില്‍ മോഷ്ടാക്കളുടെ ചിത്രങ്ങള്‍ പതിഞ്ഞിരുന്നുവെങ്കിലും ഇവരാരാണെന്ന് കണ്ടുപിടിക്കാന്‍ പൊലിസിനായിട്ടില്ല.
ലക്ഷ്മി ജ്വല്ലറിയില്‍ നിന്നും 125ഗ്രാം സ്വര്‍ണം, ഒരുകിലോ വെള്ളി, 2500 രൂപയും വാനൂര്‍ റോഡ് ജംഗ്ഷനിലുള്ള പ്രൈഡ് ജ്വല്ലറിയില്‍ നിന്നും 64.740 ഗ്രാം സ്വര്‍ണം, പത്ത് കിലോ വെള്ളി 57650 രൂപ എന്നിവയാണ്് നഷ്ടപ്പെട്ടത്.
സമീപത്തുള്ള ഒരു സ്റ്റേഷനറി കടയിലും മോഷ്ടാക്കള്‍ ശ്രമം നടത്തിയെങ്കിലും ഒന്നും എടുത്തുകൊണ്ടുപോകാന്‍ കഴിഞ്ഞിരുന്നില്ല. എല്ലാം കടകളിലും ഒരേപോലെ ഷട്ടര്‍ തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. ആറുമാസമായിട്ടും മോഷ്ടാക്കളെക്കുറിച്ച് തുമ്പുണ്ടാക്കാന്‍ പൊലിസിന് കഴിയാത്തതില്‍ നാട്ടുകാരും വ്യാപാരികളും അതൃപ്തരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."