എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കും: തോമസ് ഐസക്
ആലപ്പുഴ: രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയറുല്പ്പന്നങ്ങള്ക്കായുള്ള സ്റ്റാന്‍ഡ് സ്ഥാപിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി.എം തോമസ് ഐസക്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കയറുല്‍പ്പന്നങ്ങളുടെ വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിലേക്കുള്ള കയര്‍ ഉല്പന്നങ്ങളുടെ ആദ്യ ലോഡ് കയര്‍ കോര്പറേഷന് അങ്കണത്തില്‍ ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന കയര്‍ കോര്‍പറേഷനാണ് കാശ്മീരിലേക്ക് കയര്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നത്. കയറിന്റെ ആഗോളവിപണി കുറയുന്ന സാഹചര്യത്തില്‍ ആഭ്യന്തര വിപണി കൂടുതല്‍ ഉപയോഗപ്പെടുത്തിയേ തീരൂവെന്ന് അദ്ദേഹം പറഞ്ഞു. കയറിനെക്കുറിച്ച് നമ്മുടെ നാടിനു പുറത്ത് കാര്യമായ അറിവില്ല. ഇപ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ കയര്‍ ഉല്‍പ്പന്നങ്ങള്‍ കാണാനേയില്ല.
കയര്‍ കോര്പ്പറേഷന്, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലുടെ കയറിന്റെ ആഭ്യന്തര വിപണി വിപുലീകരിക്കുകയാണ്. തണുപ്പ് കൂടുതലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെല്ലാം കയറിന് ആവശ്യക്കാരുണ്ട്. കാശ്മീരില്‍ നല്ല ഡിമാന്‍ഡ് കയറിനുണ്ട്. ആര്‍ക്കുവേണമെങ്കിലും കയറുല്‍പ്പന്നങ്ങള്‍ ഫ്രാഞ്ചൈസിയായോ അല്ലാതെയോ ഗ്യാരണ്ടിയോടെ നല്‍കും. വില്‍പ്പന നടത്തി പണം നല്കിയാല് മതിയെന്ന് മന്ത്രി പറഞ്ഞു. കയര്‍ കോര്പറേഷന് ചെയര്മാന് ആര്. നാസര്‍, മാനേജിങ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, ഡയറക്ടര്‍മാരായ എന്‍.ആര് ബാബുരാജ്, പി.കെ സുരേന്ദ്രന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."