കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയായി ഇലക്ട്രിക് ബസുകള്‍
തിരുവനന്തപുരം: ഇലക്ട്രിക് ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയാകുന്നു. തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ ഇലക്ട്രിക് ബസുകള്‍ ഓടിയ ആദ്യ രണ്ടുദിവസം വാടക കൊടുക്കാനുള്ള കലക്ഷന്‍പോലും ലഭിച്ചില്ല. മാത്രമല്ല, ചാര്‍ജ് തീര്‍ന്ന് ബസുകള്‍ വഴിയിലായതോടെ ചീത്തപ്പേരുമായി. ഇത് ഒഴിവാക്കാന്‍ കൂടുതലിടത്ത് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിച്ചെങ്കിലും ദീര്‍ഘദൂരയാത്രക്കാര്‍ക്ക് ഇലക്ട്രിക് ബസ് യാത്ര ദുരിതമായി തുടരുകയാണ്.
തിങ്കളാഴ്ച തിരുവനന്തപുരം- എറണാകുളം റൂട്ടില്‍ ഓടിയത് അഞ്ച് ബസുകളാണ്. 1909 കിലോമീറ്റര്‍ ഓടിയപ്പോള്‍ അഞ്ച് ബസിനും കൂടി ആകെ 75,997 രൂപ വരുമാനം ലഭിച്ചു. കിലോമീറ്ററിന് 47 രൂപ വീതം ബസിന്റെ വാടകയായി 89,723 രൂപ കൊടുക്കേണ്ടതുണ്ട്.
ഒരു കിലോമീറ്റര്‍ ഓടാന്‍ നാലുരൂപയുടെ വൈദ്യുതി വേണം. 1909 കിലോമീറ്ററിലെ വൈദ്യുതി ചാര്‍ജ് 7636 രൂപയാണ്. കണ്ടക്ടര്‍മാര്‍ക്കുള്ള അലവന്‍സ് 1,349 രൂപയും ഡബിള്‍ ഡ്യൂട്ടി ചെയ്ത കണ്ടക്ടര്‍മാര്‍ക്ക് ശമ്പളയിനത്തില്‍ ചെലവാകുന്നത് ആറായിരം രൂപയുമാണ്. ആകെ 1,04708 രൂപയാണ് ചെലവ്. ഇപ്രകാരം ആദ്യദിനം 28,711 രൂപയുടെ നഷ്ടമുണ്ടായി.
രണ്ടാം ദിനത്തിലും സമാനമായിരുന്നു അവസ്ഥ. ഇപ്പോള്‍ ചാര്‍ജിങ്ങിന് കൂടുതല്‍ സംവിധാനമൊരുക്കിയെങ്കിലും ആദ്യ ദിനത്തിലെ അനുഭവം യാത്രക്കാരെ ഇലക്ട്രിക് ബസില്‍ കയറുന്നതില്‍നിന്ന്പിന്തിരിപ്പിക്കുന്നു.
പോകുന്നവഴി ഹരിപ്പാട് ഡിപ്പോയില്‍ കയറി ചാര്‍ജ് ചെയ്യണമെന്നാണ് ഇപ്പോഴത്തെ നിര്‍ദേശം. കുറഞ്ഞത് 40 മിനുട്ടെങ്കിലും കഴിഞ്ഞാലെ കുറച്ചെങ്കിലും ചാര്‍ജ് കയറൂ. ഈ സമയംമുഴുവന്‍ യാത്രക്കാര്‍ കാത്തിരിക്കണം. ചാര്‍ജ് ചെയ്യുന്ന സമയത്ത് എ.സി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്തതിനാല്‍ ആളുകള്‍ പുറത്തിറങ്ങി നില്‍ക്കേണ്ടിയും വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."