പാവലിന് വ്യാപക രോഗബാധ: കയ്പ്പുനിറഞ്ഞ ജീവിതവുമായി കര്‍ഷകര്‍
മാനന്തവാടി: പ്രളയം തകര്‍ത്ത കര്‍ഷകന് വീണ്ടുമൊരു ഇരുട്ടടിയായി പാവലിന് ബാധിച്ച വ്യാപകമായ രോഗബാധയും.
പാവല്‍ കൃഷിക്ക് ബാധിച്ച വൈറസിനെ തുടര്‍ന്നാണ് കൃഷി മുഴുവനായി കരിഞ്ഞ് ഉണങ്ങുന്നത്. രോഗ ബാധയുടെ ആദ്യ ഘട്ടത്തില്‍ ഇല ചുരുണ്ട് വിടരാത്ത രീതിയില്‍ ആവുകയും പഴുത്ത തണ്ട് പൊട്ടി കീറുകയുമാണ് ചെയ്യുന്നത്. ജില്ലയില്‍ തൊണ്ടര്‍നാട് പഞ്ചായത്തിലെ നിരവില്‍ പുഴയിലാണ് ആദ്യം രോഗബാധ കണ്ട് തുടങ്ങിയത്. പിന്നീട് പാവല്‍ കൃഷി ഏറ്റവും കൂടുതലായി ചെയ്ത് വരുന്ന തവിഞ്ഞാല്‍ പഞ്ചായത്തിലെ പേര്യയിലും രോഗബാധയെ തുടര്‍ന്ന് വ്യാപകമായി കൃഷി നശിച്ചു.
ഇപ്പോള്‍ എടവക പഞ്ചായത്തിലെ കുന്നമംഗലത്താണ് പാവല്‍ കൃഷി കരിഞ്ഞുണങ്ങാന്‍ തുടങ്ങിയിരിക്കുന്നത്. ഒരു ഏക്കര്‍ കൃഷി ചെയ്യുന്നതിന് ഏകദേശം ഒന്നര ലക്ഷത്തോളം രൂപയാണ് ചിലവ് വരുന്നത്. എടവക പഞ്ചായത്തില്‍ 50 ഏക്കറോളം കൃഷി നശിച്ച് കഴിഞ്ഞു.
കണക്കുകള്‍ പ്രകാരം ഈ പഞ്ചായത്തില്‍ മാത്രം അരകോടിയിലെറെ രൂപ കര്‍ഷകര്‍ക്ക് നഷ്ടമായി കഴിഞ്ഞു. കുന്നമംഗലത്താണ് ഏറ്റവും കൂടുതല്‍ കൃഷി നാശം ഉണ്ടായിരിക്കുനത്. തോട്ടവിളകള്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ ഭൂരിഭാഗം കര്‍ഷകരും വര്‍ഷങ്ങളായി പാവല്‍ കൃഷിയാണ് ചെയ്ത് വരുന്നത്. 24 മണിക്കൂറും കഠിനാധ്വാനവും നിരീക്ഷണവും പാവല്‍ കൃഷിക്ക് ആവശ്യമാണ്. ഈ കര്‍ഷകരുടെ ഒരു വര്‍ഷത്തെ വരുമാനമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്.
ഇവരുടെ ഏക ഉപജീവന മാര്‍ഗ്ഗവും ഈ കൃഷി തന്നെയാണ്. ബാങ്ക് വായ്പ എടുത്തും സ്വര്‍ണം പണയം വെച്ചുമെല്ലാമാണ് ഇവര്‍ കൃഷി ഇറക്കിയത്.
മായ ഹൈബ്രിഡ് വിത്തുകളാണ് കൃഷിക്ക് ഉപയോഗിച്ചത്. 50 ഗ്രാമിന് 550 രൂപയാണ് വിത്തിന് വില. നാടന്‍ വിത്തുകള്‍ ഉപയോഗിച്ചുള്ള ഉല്‍പന്നങ്ങള്‍ പെട്ടെന്ന് വാടിപോവുമെന്ന കാരണത്താല്‍ കച്ചവടക്കാര്‍ ഈ ഉല്‍പന്നങ്ങള്‍ തയാറാകാത്തതിനാലാണ് ഹൈബ്രിഡ് വിത്തുകള്‍ ഉപയോഗിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായത്.
കുന്നമംഗലത്തെ വലിയ പറമ്പില്‍ ഷിബുവിന്റെ മൂന്ന് ഏക്കര്‍, എക്കമുണ്ട സുരേഷിന്റെ മൂന്ന് ഏക്കര്‍, ജോയിയുടെ ഒന്നര ഏക്കര്‍ കൃഷി എല്ലാം പൂര്‍ണമായി നശിച്ച് കഴിഞ്ഞു. അടുത്ത വര്‍ഷം കൃഷി ഇറക്കാന്‍ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. പലവിധ മരുന്നുകളും ഉപയോഗിച്ചെങ്കിലും രോഗബാധ തടയാന്‍ കഴിഞ്ഞില്ല. നീരൂറ്റി കുടിക്കുന്ന പ്രാണികളാണ് വൈറസ് വ്യാപകമായി പടര്‍ത്തുന്നത്. വൈറസ് ബാധ തടയാന്‍ ഫലപ്രദമായ മരുന്നില്ല എന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം കൂടി ലഭിച്ചതൊടെ കര്‍ഷക മനസുകളില്‍ ആധിപടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."