മുനയ്ക്കല്‍ ഇനി ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ബീച്ച്
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനയ്ക്കല്‍ ബീച്ച് തൊട്ടടുത്തു കാണാന്‍ ഇനി ഭിന്നശേഷിക്കാര്‍ക്കും അവസരം. ബീച്ചിലെത്തുന്ന ഭിന്നശേഷിക്കാര്‍ക്കായുള്ള എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കേരളത്തിലെ ഭിന്നശേഷി സൗഹൃദ ബീച്ചുകളില്‍ ഒന്നായി മുനയ്ക്കല്‍. ജില്ലയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ വിനോദസഞ്ചാര കേന്ദ്രം കൂടിയായി അഴീക്കോട് മുനയ്ക്കല്‍ മുസിരിസ് ഡോള്‍ഫിന്‍ ബീച്ച്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഭിന്നശേഷിക്കാര്‍ക്കായുള്ള കുടുംബസംഗമവും ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ 'ബാരിയര്‍ ഫ്രീ' പദ്ധതിയുടെ ഭാഗമായി തൃശൂര്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പ്രത്യേക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയത്. ജില്ലാ ടൂറിസം വകുപ്പും ഉത്തരവാദിത്ത ടൂറിസം മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.
ഭിന്നശേഷിക്കാര്‍ക്ക് തീരത്തേക്ക് എത്താന്‍ സൗകര്യപ്രദമായ രീതിയില്‍ 26 റാംപുകളാണ് നിര്‍മിച്ചിരിക്കുന്നത്. 330 മീ. നീളമുള്ള നടപ്പാത, മോട്ടോര്‍ വീല്‍ചെയറുകള്‍, ക്രച്ചസുകള്‍, വാക്കിങ് സ്റ്റിക്ക്, ബ്രെയിലി ലിപിയിലുള്ള ദിശാ സൂചകങ്ങള്‍, കിയോസ്‌കി ടച്ച് സ്‌ക്രീന്‍ കൂടാതെ പാര്‍ക്കിങ് സൗകര്യവും ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന വിനോദസഞ്ചാരവകുപ്പ് തൃശൂര്‍ ജില്ലയിലെ ഏഴ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ക്കുമായി 7345000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 23,54,996 രൂപയാണ് മുനയ്ക്കല്‍ നിര്‍മാണപ്രവൃത്തികള്‍ക്കായി ചെലവാക്കിയത്. ബാരിയര്‍ ഫ്രീ പദ്ധതി പ്രകാരം ഒന്‍പതു കോടി രൂപ ചെലവിട്ട് സംസ്ഥാനത്തെ പ്രധാനപ്പെട്ട 126 ടൂറിസം കേന്ദ്രങ്ങള്‍ ഭിന്നശേഷി സൗഹൃദമാകും. 2021 ഓടെ കേരളത്തെ പൂര്‍ണ ഭിന്നശേഷി സൗഹൃദ ടൂറിസം കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്‍ അധ്യക്ഷയായി. ജില്ലാപഞ്ചായത്ത് അംഗം നൗഷാദ് കൈതവളപ്പില്‍, എറിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം അബ്ദുല്ല, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ അഡ്വ.വി.എ സബാഹ്, സുഗത ശശിധരന്‍, അംബിക ശിവപ്രിയന്‍, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."