പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹം വിളമ്പി പിണങ്ങോട്ടുകാര്‍: വെള്ളംകയറി ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് മഹല്ല് കമ്മിറ്റി
പിണങ്ങോട്: സഹനത്തിന്റെയും വിശുദ്ധിയുടെയും ദിനമായ ചെറിയ പെരുന്നാള്‍ ദിനത്തില്‍ സ്‌നേഹംകൂട്ടി വിളമ്പി പിണങ്ങോട് പുഴക്കല്‍ മഹല്ലുകാരുടെ വ്യത്യസ്ത മാതൃക.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ ഒറ്റപ്പെട്ടുപ്പോയ തങ്ങളുടെ കുടപ്പിറപ്പുകള്‍ക്ക് പെരുന്നാള്‍ ദിനത്തില്‍ ഭക്ഷണമെത്തിച്ച് നല്‍കിയാണ് പിണങ്ങോട്ടുകാര്‍ ചെറിയ പെരുന്നാള്‍ കൂടുതല്‍ നിറമുള്ളതാക്കിയത്. പെരുന്നാള്‍ നിസ്‌കാരത്തിന് പള്ളിയിലെത്തിയ മഹല്ല് നിവാസികളോട് നിസ്‌കാരത്തിന് തൊട്ടുമുന്‍പായുള്ള പ്രസംഗത്തില്‍ മഹല്ല് പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍ ഹാജിയാണ് സമീപ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട് കിടക്കുന്നവരെ കുറിച്ച് വിവരിച്ചത്.
തുടര്‍ന്ന് നിസ്‌കാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ പള്ളിയില്‍ സജ്ജീകരിച്ചിട്ടുള്ള അലുമിനിയം ഫോയില്‍ പാത്രങ്ങളെ കുറിച്ചും പ്രസിഡന്റ് സൂചിപ്പിച്ചു. താല്‍പര്യമുള്ളവര്‍ ഈ പാത്രങ്ങളെടുത്ത് ജുമുഅക്ക് പള്ളിയിലേക്ക് വരുമ്പോള്‍ വീട്ടില്‍ നിന്നും ഭക്ഷണമെത്തിക്കുകയാണെങ്കില്‍ ഒറ്റപ്പെട്ട് കിടക്കുന്നവര്‍ക്ക് എത്തിച്ച് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ നിസ്‌കാരം കഴിഞ്ഞിറങ്ങിയവരെല്ലാം പാത്രങ്ങളുമെടുത്ത് വീടുകളിലേക്ക് തിരിച്ചു. പിന്നീട് ജുമുഅ നിസ്‌കാരത്തിന് പള്ളിയിലേക്ക് ഇവരെല്ലാം ഒന്നിലധികം പാക്കറ്റ് ഭക്ഷണവുമായാണ് എത്തിയത്.
നിസ്‌കാരത്തിന് ശേഷം കല്‍പ്പറ്റ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഭക്ഷണപ്പൊതികള്‍ ഒറ്റപ്പെട്ടുപ്പോയ അഞ്ച് കോളനികളിലും മറ്റ് സ്ഥലങ്ങളിലുമായി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ വിതരണം ചെയ്തു. നൂറിലധികം കുടുംബങ്ങള്‍ക്കാണ് പിണങ്ങോട് പുഴക്കല്‍ ഹിദ്മത്തുല്‍ ഇസ്‌ലാം മഹല്ല് കമ്മിറ്റിയുടെ ഈ മഹനീയ മാതൃക ആശ്വാസം പകര്‍ന്നത്.
മഹല്ല് കമ്മിറ്റി ഭാരവാഹികളായ കെ.പി അന്‍വര്‍, മുജീബ്, ജാഫര്‍, റഷീദ് തുടങ്ങിയ യുവാക്കളുടെ നേതൃത്വത്തിലുള്ള യുവാക്കളാണ് സദുദ്യമത്തിന് വേണ്ടി പ്രവര്‍ത്തിച്ചത്. തരിയോട്, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന അഞ്ച് കോളനികളിലും മറ്റ് ഒറ്റപ്പെട്ട് കിടന്ന പ്രദേശങ്ങളിലെ വീടുകളിലുമാണ് ഇവര്‍ സ്‌നേഹംചാലിച്ച ഭക്ഷണപ്പൊതിയുമായി പെരുന്നാള്‍ ദിനത്തില്‍ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."