തലസ്ഥാന നഗരിയില്‍ ജലവിതരണത്തിന് നിയന്ത്രണം വരുന്നു
തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ജലവിതരണത്തിന് നിയന്ത്രണമേര്‍പെടുത്തുന്നു. രൂക്ഷമായ വരള്‍ച്ചയും ജലദൗര്‍ബല്യവും നേരിടുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണമെന്ന് ജലവിഭവ മന്ത്രി മാത്യു ടി. തോമസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അടുത്തയാഴ്ച തുടക്കത്തോടെയായിരിക്കും നിയന്ത്രണത്തിനു തുടക്കം.
ഇപ്പോള്‍ പേപ്പാറ അണക്കെട്ടിലുള്ള വെള്ളം മെയ് 18 വരെയുള്ള ഉപയോഗത്തിനു മാത്രമേ തികയുകയുള്ളൂ. അത് മെയ് 25 വരെയെങ്കിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഇവിടെ നിന്നുള്ള ജലവിതരണത്തില്‍ 25 ശതമാനം കുറവു വരുത്തും. ഇതിനായി രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു മണി വരെ പമ്പിങ് നേര്‍പകുതിയാക്കും. രാത്രി താഴ്ന്ന പ്രദേശങ്ങളിലെ വിതരണം വാല്‍വ് വഴി നിയന്ത്രിച്ച് ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലമെത്തിക്കും. അടുത്ത മഴക്കാലം എത്തുന്നതുവരെ നഗരത്തില്‍ പുതിയ കണക്ഷനുകള്‍ നല്‍കില്ല. പ്രതിമാസം രണ്ടു ലക്ഷം ലിറ്ററിലധികം ഉപയോഗമുള്ള എല്ലാ ഗാര്‍ഹികേതര ഉപഭേക്താക്കളോടും ഉപയോഗം പകുതിയാക്കാന്‍ ആവശ്യപ്പെടും.
സെക്ഷന്‍ വാല്‍വുകളുടെ നിയന്ത്രണത്തിനായി സ്ഥിരം ടീമിനെ ഏര്‍പ്പെടുത്തും. സബ് ഡിവിഷന്‍തലത്തില്‍ അഞ്ച് ജലമോഷണദുരുപയോഗ വിരുദ്ധ സ്‌ക്വാഡുകളെ നിയമിക്കുമെന്നും മന്ത്രി അറിയിച്ചു. ചോര്‍ച്ച മൂലം ജലം പാഴാകുന്നതു തടയാനായി ഓഫീസ് സമയം കഴിഞ്ഞും അവധിദിവസങ്ങളിലും തങ്ങളുടെ പരിധിയില്‍ വാല്‍വ് അടച്ചിട്ട് പൈപ്പ്‌ലൈനിലെ ജലപ്രവാഹം തടയുന്നതിന് എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും മേധാവികള്‍ക്ക് നിര്‍ദേശം നല്‍കും. കണ്‍ട്രോള്‍ റൂം സംവിധാനവും ഹെല്‍പ് ഡെസ്‌ക് സംവിധാനവും ഏര്‍പ്പെടുത്തും. ശുദ്ധീകരിച്ച ജലം നിര്‍മാണ ആവശ്യങ്ങള്‍ക്കും മറ്റും ഉപയോഗിക്കാന്‍ അനുവദിക്കില്ല. ഗാര്‍ഹികേതര ഉപയോഗങ്ങള്‍ക്കായി മുട്ടത്തറ സ്വീവേജ് പ്ലാന്റില്‍ വേര്‍തിരിച്ചെടുക്കുന്ന ജലം സൗജന്യമായി ലഭ്യമാക്കും. വരള്‍ച്ചയുടെ ഗൗരവം കണക്കിലെടുത്ത് ജനങ്ങള്‍ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."