സ്‌കൂള്‍ ബസില്‍ വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ട സംഭവം: പൊലിസ് പുകമറ സൃഷ്ടിക്കുന്നുവെന്ന് പിതാവ്
കൊച്ചി: സ്വകാര്യ സ്‌കൂള്‍ ബസില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പൊലിസ് പുകമറ സൃഷ്ടിക്കുന്നതായി കുട്ടിയുടെ പിതാവ് വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ ഒന്നിനാണ് കൊച്ചിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയെ ബസ് ഡ്രൈവര്‍ സുരേഷ് കുമാര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി ഉയര്‍ന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് ലൈന്‍, പൊലിസ്, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥിയുടെ പിതാവ് പരാതിനല്‍കിയിരുന്നു.
ആദ്യമൊക്കെ ശരിയായ വിധത്തില്‍ അന്വേഷണം നടത്തിയ പൊലിസ് പെട്ടന്ന് മലക്കംമറിഞ്ഞതായി പിതാവ് പറഞ്ഞു. പീഡനവുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ വന്ന വാര്‍ത്തയും തന്നെയും കുടുംബത്തെയും അപമാനിക്കുന്നതരത്തിലായിരുന്നു.
സംഭവത്തില്‍ കാര്യമായ അന്വേഷണം നടത്താതെ പൊലിസ് പീഡനം നടന്നിട്ടില്ലെന്ന്് വിധി പ്രഖ്യാപിച്ചത് ദുരൂഹത ഉണ്ടാക്കുന്നതാണ്. കുട്ടിയെ ഇനിയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാത്ത സാഹചര്യത്തിലാണ് പീഡനം നടന്നിട്ടില്ലെന്ന പ്രഖ്യാപനം നടത്തിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടി പീഡനത്തിന് ഇരയായതായും കൗണ്‍സിലിങ് ആവശ്യമാണെന്നു നിര്‍ദേശിച്ചിരുന്നതായും പിതാവ് പറഞ്ഞു.
അതേസമയം കേസില്‍ പ്രതി ചേര്‍ത്തിട്ടുളള ബസ് ഡ്രൈവര്‍ സുരേഷ് കുമാറിനോട് ഇരയായ കുട്ടിയുടെ കുടുംബത്തിനുളള പൂര്‍വവൈരാഗ്യമാണ് ആരോപണത്തിന് അടിസ്ഥാനമെന്നാണ് പൊലിസ് ഭാഷ്യം. എന്നാല്‍ ഇത്തരത്തിലൊരു വൈരാഗ്യത്തിന് അടിസ്ഥാനമില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു.
തന്റെ മകന്‍ പീഡനത്തിനരയായ വിവരം ചോദിച്ചറിയാന്‍ മാത്രമാണ് താന്‍ അയാളെ വിളിച്ചത്. മറിച്ച് അയാളുമായി നേരത്തെ ബന്ധങ്ങളൊന്നും തനിക്കില്ല. കേന്ദ്രീയ വിദ്യാലയത്തില്‍ ഇതിനുമുമ്പും മറ്റ് വിദ്യാര്‍ഥികള്‍ക്ക് പീഡനമേറ്റതായി പിതാവ് പറഞ്ഞു. ബസ് ഡ്രൈവറായ സുരേഷിന്റെ നേതൃത്വത്തില്‍ നീലചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ല.
പരാതി പിന്‍വലിക്കാന്‍ വാഗ്ദാനവുമായി സുരേഷിന്റെ ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ കുഞ്ഞിനെ പീഡിപ്പിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ നിയമത്തിന്റെ ഏതറ്റംവരെയും താന്‍ പോകുമെന്നും പിതാവ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."