വനിതകള്‍ക്ക് ഫിറ്റ്‌നസ് സെന്ററുമായി തളിക്കുളം പഞ്ചായത്ത്
വാടാനപ്പള്ളി: തളിക്കുളം പഞ്ചായത്തിന് കീഴിലുള്ള വനിതകളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന് ഫിറ്റ്‌നസ് സെന്റര്‍ ഒരുക്കിയിരിക്കുകയാണ് തളിക്കുളം ഗ്രാമ പഞ്ചായത്ത്. 2017-18വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിപൂര്‍ത്തീകരിച്ച ഫിറ്റ്‌നസ് സെന്ററിന് മൂന്നു ലക്ഷമാണ് അടങ്കല്‍ തുക.
വ്യായാമത്തിന്റെ അഭാവം മൂലം ഉണ്ടാകുന്ന ജീവിതശൈലി രോഗങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ആരോഗ്യരംഗത്ത് വെല്ലുവിളി തീര്‍ക്കുമ്പോള്‍ ഫിറ്റ്‌നസ് സെന്ററിലൂടെ സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുവാന്‍ പദ്ധതി നടപ്പിലാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്താണ് തളിക്കുളം.
ആറാം വാര്‍ഡിലുള്ള പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ മുകളില്‍ 2000 ചതുരശ്ര അടിയില്‍ എസി അടക്കമുള്ള അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച ഹാളിലാണ് ഫിറ്റ്‌നസ് സെന്റര്‍ സജ്ജമാക്കിയിട്ടുള്ളത്.
ട്രെഡ്മില്‍, എലിപ്പിക്കല്‍ മാഗ്‌നറ്റിക് സൈക്കിള്‍ ബൈക്ക്, സൈക്കിള്‍, ട്വിറ്റെര്‍, അബ്‌സ് സ്‌ട്രെങ്ത്തനിങ് ബെഞ്ച് എന്നിങ്ങനെ കൊഴുപ്പു കുറച്ചു രക്തയോട്ടം വര്‍ധിപ്പിക്കാനും ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കാനും ഉതകുന്ന ഒന്‍പത് തരം ഉപകരണങ്ങളാണ് ഇവിടെ ഉള്ളത്.
രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം നാല് മുതല്‍ ഏഴ് വരെയുമാണ് പരിശീലനം. ഒരേസമയം 20 പേര്‍ക്ക് പരിശീലനത്തിനുള്ള സൗകര്യമുണ്ട്. നിശ്ചിത തുക ഈടാക്കിയുള്ള പരിശീലനത്തില്‍ വനിതാ പരിശീലകയുടെ സേവനം ലഭിക്കും.ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘടനം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.കെ ബാബു അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."