വടക്കാഞ്ചേരി നഗരസഭയില്‍ ഭരണ പ്രതിസന്ധി; ബജറ്റ് ധനകാര്യ സമിതിയില്‍ പാസാക്കാനായില്ല
വടക്കാഞ്ചേരി: നഗരസഭയില്‍ കടുത്ത ഭരണ പ്രതിസന്ധിയെന്ന് പ്രതിപക്ഷം. നഗരസഭാ വൈസ് ചെയര്‍മാന്‍ എം.ആര്‍ അനൂപ് കിഷോറിന്റെ ഓഫിസില്‍ മെംബര്‍മാര്‍ കുത്തിയിരിപ്പ് സമരം നടത്തി.
നഗരസഭാ ബജറ്റ് അട്ടിമറിയ്ക്കാനുള്ള നീക്കമാണ് ഭരണപക്ഷം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇന്നലെ രാവിലെ ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗം വൈസ് ചെയര്‍മാന്‍ വിളിച്ച് ചേര്‍ത്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിയ്ക്കാതെയാണ് ബജറ്റ് അവതരിപ്പിയ്ക്കാന്‍ ഭരണപക്ഷം ശ്രമിയ്ക്കുന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം നിസഹകരിയ്ക്കുകയായിരുന്നു. ഏഴംഗ ധനകാര്യ സമിതിയില്‍ കോണ്‍ഗ്രസ് മൂന്ന് , ബി.ജെ.പി ഒന്ന്, ഭരണപക്ഷമായ എല്‍.ഡി.എഫിന് മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില.
ബി.ജെ.പിയും , കോണ്‍ഗ്രസും ഭരണപക്ഷ നടപടിയെ ചോദ്യം ചെയ്തതോടെ ധനകാര്യസ്ഥിരം സമിതിയില്‍ നിന്ന് ബജറ്റിന് അംഗീകാരം ലഭിയ്ക്കില്ലെന്ന് ഉറപ്പായതോടെ വൈസ് ചെയര്‍മാന്‍ യോഗത്തില്‍നിന്ന് ഇറങ്ങി പോവുകയായിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം.
പ്രതിപക്ഷ നിരയിലെ ഒരംഗത്തിന് മിനിറ്റ്‌സില്‍ ഒപ്പിടാന്‍ അനുമതി നല്‍കിയില്ലെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. തുടര്‍ന്ന് മെംബര്‍മാര്‍ വൈസ് ചെയര്‍മാന്റെ ഓഫിസില്‍ കുത്തിയിരിപ്പും ആരംഭിച്ചു. പ്രതിപക്ഷ നേതാവ് കെ. അജിത്കുമാര്‍, സിന്ധു സുബ്രഹ്മണ്യന്‍, ടി. വി സണ്ണി, തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
ധനകാര്യ സമിതി അംഗീകരിച്ച ബജറ്റ് മൂന്ന് പ്രവൃത്തി ദിനം കഴിഞ്ഞേ അവതരിപ്പിയ്ക്കാന്‍ പാടുള്ളുവെന്ന ചട്ടം ഭരണപക്ഷം കാറ്റില്‍ പറത്തുകയാണെന്നും ഇന്ന് ബജറ്റ് അവതരിപ്പിയ്ക്കാനുള്ള നീക്കത്തെ ചെറുത്ത് തോല്‍പ്പിയ്ക്കുമെന്നും പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചു.
ജനാധിപത്യ സംരക്ഷണത്തിന് വേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും നേതാക്കള്‍ വ്യക്തമാക്കി. ബജറ്റ് യോഗം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഡയരക്ടര്‍ക്കും സെക്രട്ടറിക്കും നിവേദനം നല്‍കിയതായി അജിത് കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."