വര്‍ഷങ്ങളുടെ കാത്തിരുപ്പ്; പെരുന്നാളിന് മഅ്ദനി അന്‍വാര്‍ശേരിയില്‍
ശാസ്താംകോട്ട: വര്‍ഷങ്ങള്‍ക്കുശേഷം പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി ജന്മനാടായ മൈനാഗപ്പള്ളി അന്‍വാര്‍ശേരി യത്തീംഖാനയില്‍ പെരുന്നാള്‍ ആഘോഷിക്കും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് 2010 ഓഗസ്റ്റ് 17ന് വെള്ളിയാഴ്ച്ച ജുമുആ നിസ്‌കാരത്തിന് ശേഷം കേരളാ പൊലിസ് അറസ്റ്റ് രേഖപ്പെടുത്തി മഅദനിയെ കര്‍ണാടക പൊലിസിന് കൈമാറുമ്പോള്‍ റമദാന്‍ ഒരാഴ്ച പിന്നിട്ടിരുന്നു. യത്തീംഖാനയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം പെരുന്നാള്‍ ആഘോഷിക്കണമെന്ന വര്‍ഷങ്ങളായുള്ള മഅ്ദനിയുടെ ആഗ്രഹമാണ് ഇക്കുറി സഫലമാകുന്നത്. 2013 ലും, 2015 ലും ജാമ്യം ലഭിച്ച് മഅ്ദനി കേരളത്തില്‍ എത്തിയിരുന്നെങ്കിലും അത് റമദാന്‍ മാസത്തിലായിരുന്നില്ല. ഇക്കുറി റമദാനിന്റെ അവസാന ദിവസം മഅ്ദനിക്ക് ഇവിടെയെത്താനായി.
തങ്ങളുടെ ഉസ്താദിനൊപ്പം പെരുന്നാളപ ആഘോഷിക്കാമെന്ന ഉത്സാഹത്തിലാണ് അന്‍വാര്‍ശേരിയിലെ കുഞ്ഞുങ്ങള്‍.
1988 ല്‍ കോയമ്പത്തൂര്‍ സ്‌ഫോടനകേസ്സുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മ്അദനിയെ 10 വര്‍ഷത്തിന് ശേഷം നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കി വീണ്ടും അറസ്റ്റുചെയ്യുകയായിരുന്നു. കഴിഞ്ഞ 18 വര്‍ഷത്തിനുള്ളില്‍ കോയമ്പത്തൂര്‍ ജയിലില്‍ നിന്നും മോചിതനായശേഷമുള്ള രണ്ടുവര്‍ഷക്കാലം മാത്രമാണ് മഅ്ദനിക്ക് സ്വാതന്ത്ര്യത്തോടെ ജീവിക്കാനായത്. നിരന്തരമായ നിയമപോരാട്ടത്തിലൂടെയും പ്രാര്‍ഥനയിലൂടെയും ഇത്തവണ നാട്ടിലെത്തിയത് തന്നെ പുണ്യമാസങ്ങളുടെ സുകൃതത്തിലേക്കാണെന്നുള്ളത് മഅ്ദനിക്കും പ്രിയപ്പെട്ടവര്‍ക്കും കൂടുതല്‍ സന്തോഷം പകരുന്നതാണ്.
പക്ഷാഘാതം പിടിപെട്ടുകിടക്കുന്ന പിതാവ് അബ്ദുല്‍സമദ് മാസ്റ്ററെ മഅ്ദനിയോടൊത്തു പെരുന്നാള്‍ നിസ്‌കരിക്കുന്നതിന് വീല്‍ചെയറില്‍ അന്‍വാര്‍ശ്ശേരിയില്‍ എത്തിക്കും. അന്‍വാര്‍ശേരിയില്‍ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം രോഗബാധിതയായി കിടപ്പിലായ മതാവ് അസുമാ ബീവിയെ മഅ്ദനി വീട്ടില്‍ പോയി കാണും.
ഇന്നലെ വൈകിട്ട് കുടുംബവീട്ടിലെത്തി മഅ്ദനി മാതാപിതാക്കളോടൊപ്പം നോമ്പുതുറന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."