സീറ്റ് വിവാദം: ഓര്‍മപ്പെടുത്തലും മറുപടികളുമായി ഒരേ വേദിയില്‍ ഹസനും സുധീരനും ഉമ്മന്‍ചാണ്ടിയും
തൃശൂര്‍: രാജ്യസഭാ സീറ്റിനെച്ചൊല്ലിയുള്ള വിവാദം കെട്ടടങ്ങുന്നതിനിടെ ഉരുളയ്ക്കുപ്പേരി മറുപടികളുമായി കോണ്‍ഗ്രസ് നേതാക്കളായ എം.എം ഹസനും വി.എം സുധീരനും ഉമ്മന്‍ചാണ്ടിയും ഒരേ വേദിയിലെത്തി.
തൃശൂര്‍ കോവിലകത്തുപാടം ജവഹര്‍ലാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന മുന്‍ മന്ത്രി കെ.പി വിശ്വനാഥന് തൃശൂരിന്റെ ആദരം എന്ന പരിപാടിയിലാണ് നേതാക്കള്‍ ഒന്നിച്ചെത്തിയത്. നേതാക്കള്‍ പരസ്പരം മറുപടികളാല്‍ കൊമ്പുകോര്‍ത്തതും കൗതുകമായി. സീറ്റിനു വേണ്ടി യുവാക്കളും മുതിര്‍ന്നവരും തമ്മിലുള്ള ഏറ്റുമുട്ടലും പലരുടെയും പ്രസംഗങ്ങളില്‍ പ്രതിഫലിച്ചു. അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ പറഞ്ഞു. കെ.എസ്.യുവിലും യൂത്ത് കോണ്‍ഗ്രസിലുമുള്ള ശക്തി കണ്ട് യുവ തലമുറയ്ക്ക് അംഗീകാരം നല്‍കുകയായിരുന്നു പഴയ വൃദ്ധനേതൃത്വം. പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വന്നാല്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനമാവൂ എന്നൊരു ധാരണ ഇല്ലാത്തവരായിരുന്നു പണ്ടെന്നും യുവതലമുറയ്ക്ക് ഇവര്‍ അനുകരണീയരാണെന്നും ഹസന്‍ പറഞ്ഞു. നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങള്‍ കോണ്‍ഗ്രസില്‍ പണ്ടുമുണ്ടായിട്ടുണ്ടെന്ന് വി.എം സുധീരന്‍ തിരിച്ചടിച്ചു. ചില നിലപാടുകളുടെ പേരില്‍ താന്‍ മന്ത്രിസ്ഥാനം വേണ്ടെന്നുവച്ചതാണ് കെ.പി വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമായതെന്ന് പറഞ്ഞ വി.എം സുധീരന്‍ തിരുത്തല്‍ ശക്തിയായി പണ്ടും ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വയലാര്‍ രവിയൊക്കെ അതിന്റെ ഭാഗമാണെന്നും പറഞ്ഞു.
കെ.പി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് ഒരു മനഃസാക്ഷിക്കുത്തായി മാറിയെന്നും മറ്റുള്ളവരുടെ രാജി സ്വീകരിക്കും മുന്‍പ് പത്തുവട്ടം ആലോചിക്കാന്‍ അത് ഒരു അനുഭവപാഠമായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അധികാരത്തിനു വേണ്ടി ഓടുന്ന തലമുറയായിരുന്നില്ല അര്‍ഹതയുണ്ടെങ്കില്‍ എല്ലാം തേടിവരുമെന്നു ചിന്തിക്കുന്ന തലമുറയായിരുന്നു കെ.പി വിശ്വനാഥന്‍ അടക്കമുള്ളവരുടേതെന്ന് പരിപാടിയുടെ ഉദ്ഘാടകനായ വയലാര്‍ രവി പറഞ്ഞു. മന്ത്രി വി.എസ് സുനില്‍കുമാര്‍, വി.ടി ബല്‍റാം, മാര്‍ അപ്രേം മെത്രാപ്പൊലീത്ത, ജസ്റ്റിസ് സി.എസ് രാജന്‍, ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍, സി.എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ഒ. അബ്ദുറഹ്മാന്‍ കുട്ടി, എം.പി ജാക്‌സണ്‍, സി.പി ജോണ്‍, പി.എ മാധവന്‍, തോമസ് ഉണ്ണിയാടന്‍, ജോസ് വള്ളൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."