വ്യോമാക്രമണം ബി.ജെ.പിക്ക് അനുകൂലമെന്ന് യദ്യൂരപ്പ; വ്യാപക പ്രതിഷേധം
ബംഗളൂരുല്‍ഹി: പാകിസ്താനെതിരായ നീക്കം തെരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റാനുള്ള കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ ബി.എസ് യദ്യൂരപ്പയുടെ നീക്കത്തില്‍ വ്യാപക പ്രതിഷേധം. ജെയ്‌ഷെ മുഹമ്മദിനെതിരേ വ്യോമസേന നടത്തിയ ആക്രമണം ബി.ജെ.പിക്ക് അനുകൂലമായിരിക്കുകയാണെന്നും ഇത് മോദി തരംഗത്തിന് ഇടയാക്കിയിട്ടുണ്ടെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വ്യോമാക്രമണത്തെ തുടര്‍ന്നുണ്ടായ അനുകൂല സാഹചര്യം കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ ചുരുങ്ങിയത് 22 എണ്ണത്തിലെങ്കിലും ബി.ജെ.പിക്ക് അനുകൂല വിധിയെഴുത്താകുമെന്നും അദ്ദേഹം പറഞ്ഞു.
ചിത്രദുര്‍ഗയില്‍ മാധ്യമങ്ങളോടാണ് അദ്ദേഹം വിവാദ പരാമര്‍ശം നടത്തിയത്. പുല്‍വാമ ആക്രമണത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വാക്കുകളെ രാജ്യം സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. കര്‍ണാടകയില്‍ വലിയ ആഘോഷമാണ് അദ്ദേഹത്തിന്റെ വാക്കുകളെ തുടര്‍ന്നുണ്ടായത്. ഇത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് അനുകൂല സാഹചര്യമായിരിക്കും ഉണ്ടാക്കുകയെന്നും യദ്യൂരപ്പ പറഞ്ഞു.
അതേസമയം, പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നാണ് യദ്യൂരപ്പ പറഞ്ഞത്. രാജ്യത്തെ ഇന്നത്തെ അവസ്ഥ ബി.ജെ.പിക്ക് അനുകൂലമാകുമെന്ന് താന്‍ പറഞ്ഞതു രണ്ടു മാസം മുന്‍പാണ്. താന്‍ പലതവണ ആവര്‍ത്തിച്ചതാണ് ഇത്. കര്‍ണാടകയില്‍ ചുരുങ്ങിയത് 22 സീറ്റുകളെങ്കിലും ബി.ജെ.പിക്ക് ലഭിക്കുമെന്ന് നേരത്തെ തന്നെ താന്‍ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ യദ്യൂരപ്പയുടെ വിവാദ പരാമര്‍ശത്തിനെതിരേ കേന്ദ്രമന്ത്രി വി.കെ സിങ് രംഗത്തെത്തി. തെരഞ്ഞെടുപ്പില്‍ ജയിക്കാനല്ല, രാജ്യസുരക്ഷയ്ക്കുവേണ്ടിയാണ് ഇന്ത്യ വ്യോമാക്രമണം നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം പറയാതെ ഈ സമയത്ത് രാജ്യം ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."