നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് തടയണ പൊളിച്ചുമാറ്റി
കുറ്റ്യാടി: മഴക്കാലത്ത് കൃഷിയിടത്തിലേക്കെത്തുന്ന ഉപ്പുവെള്ളത്തെ തടയുകയെന്ന ലക്ഷ്യത്തോടെ വേളം താഴേപുതിയോട്ടില്‍കടവില്‍ ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച തടയണ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റി. മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മിച്ച തടയണയാണ് നിര്‍മാണത്തില്‍ അശാസ്ത്രീയതയുണ്ടെന്ന പ്രദേശവാസികളുടെ പരാതിയില്‍ ഇന്നലെ പൂര്‍ണമായും പൊളിച്ചു മാറ്റിയത്.
വേളം തിരുവള്ളൂര്‍ പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന സ്ഥലത്ത് രണ്ട് മാസം മുന്‍പാണ് തടയണ നിര്‍മിച്ചത്. ഇവിടെയല്ല നിര്‍മ്മിക്കേണ്ടിയിരുന്നതെന്നും കരാറുകാരന്റെ താല്‍പര്യത്തിലാണ് നിര്‍മാണം നടന്നതെന്നുമാണ് ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.
വര്‍ഷകാലത്ത് വേളം, ആയഞ്ചേരി, പുറമേരി പഞ്ചായത്തുകളിലായി പരന്നുകിടക്കുന്ന ഏക്കര്‍ക്കണക്കിന് വയലുകളില്‍നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ ഒഴുക്കിവിടാന്‍ സമയബന്ധിതമായി തടയണ തുറന്നുകൊടുത്തില്ലെന്നും പറയപ്പെടുന്നു. ഇതേതുടര്‍ന്നുണ്ടായ ശക്തമായ വെള്ളമൊഴുക്കില്‍ മണ്ണിടിഞ്ഞ് ഏതാനും പേരുടെ തെങ്ങും ഭൂമിയും പുഴയിലേക്ക് ഒഴുകിപ്പോയി.
ചെറുവോട്ട് കുഞ്ഞാമി, തിയ്യറോത്ത് ഹലീമ, കോന്തനാടി ആയിശ, തെങ്ങുള്ളതില്‍ നാണു എന്നിവരുടെ എട്ട് തെങ്ങും ഇവരുടെത് തന്നെ ഏകദേശം മുപ്പത് സെന്റ് ഭൂമിയുമാണ് നഷ്ടപ്പെട്ടത്. ഇതേതുടര്‍ന്നാണ് സ്ഥലയുടമകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഇന്നലെ മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കോണ്‍ട്രാക്ടറുടേയും നേതൃത്വത്തില്‍ ജെ.സി.ബി ഉപയോഗിച്ച് തടയണ പൊളിച്ചുമാറ്റുകയായിരുന്നു. അതേസമയം, തടയണയുടെ നിര്‍മാണ ലക്ഷ്യം ഉപ്പുവെള്ളം തടയുക മാത്രമാണെന്നും ഉയര്‍ന്നിരിക്കുന്ന പരാതികള്‍ അടിസ്ഥാന രഹിതമാണെന്നും വേളം പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."