കൊല്ലത്ത് കൊവിഡ്; ആശങ്കയോടെ ജനം, രോഗികളുടെ എണ്ണം 15 ആയി: 1171 പേര്‍ നിരീക്ഷണത്തില്‍
കൊല്ലം: ജില്ലയില്‍ ആശങ്ക പടര്‍ത്തി കൊവിഡ് വ്യാപനം വര്‍ധിക്കുന്നു. ആറ് രോഗികള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ലയില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 15 ആയി. ഉറവിടം കണ്ടെത്താന്‍ ആകാത്ത രോഗികളുടെ എണ്ണവും സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടവരുടെ എണ്ണവും വര്‍ധിച്ചത് ജില്ലയെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്.
സമൂഹ വ്യാപന സാധ്യത ഉള്ളതിനാല്‍ കൂടുതല്‍ ആളുകളില്‍ പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. ഇന്നലെ സ്ഥിരീകരിച്ച ആറില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്. പോസിറ്റീവായ നാലുപേര്‍ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്. ഒരാള്‍ ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജങ്ഷന്‍ സ്വദേശികളുടെ ഒന്‍പതു വയസുള്ള മകനാണ്.
രണ്ടാമത്തെ ആള്‍ ചാത്തന്നൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തക കല്ലുവാതുക്കല്‍ 41 കാരിയായ പാമ്പുറം സ്വദേശിനിയാണ്. കുളത്തൂപ്പുഴ സ്വദേശിയായ 73 കാരനാണ് മൂന്നാമത്തെ ആള്‍. ചാത്തന്നൂര്‍ എം.സി പുരം നിവാസിയായ 64 കാരനാണ് നാലാമത്തെയാള്‍. ഇയാള്‍ ചാത്തന്നൂരില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച ആശാവര്‍ക്കറെ ആദരിച്ചിരുന്നതായാണ് വിവരം. അഞ്ചാമത്തെ ആള്‍ ചാത്തന്നൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തക തൃക്കോവില്‍വട്ടം മുഖത്തല സ്വദേശിനിയാണ് (52 വയസ്). ആറാമത്തെ കേസ് ഓഗ്മെന്റഡ് സര്‍വെയ്ലന്‍സിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരനാണ്.
കൂടാതെ റാന്‍ഡം പരിശോധനയിലും സമ്പര്‍ക്കമില്ലാത്തവരിലും രോഗം സ്ഥിരീകരിച്ചതോടെ സമൂഹ വ്യാപന സാധ്യതയാണോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കൊവിഡിന്റെ അതേ ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരെ മുഴുവനും സ്രവ പരിശോധനക്ക് വിധേയരാക്കേണ്ടി വരുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ വിലയിരുത്തല്‍. കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ഗൃഹ നിരീക്ഷണം സമൂഹവ്യാപനം തടയുന്നതില്‍ വിജയകരമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെവരെ19,046 പേരാണ് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയത്. പുതുതായി ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ച 77പേര്‍ ഉള്‍പ്പെടെ 1,171 പേരാണ് നിലവില്‍ ഗൃഹനിരീക്ഷണത്തില്‍ ഉള്ളത്. ഇന്നലെ പ്രവേശിക്കപ്പെട്ട 10പേര്‍ ഉള്‍പ്പെടെ 39 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉള്ളത്.
വിദഗ്ധ പരിശോധനയ്ക്ക് അയച്ച 1,511 സാമ്പിളുകളില്‍ 53 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. നിലവില്‍ 15 പോസിറ്റീവ് കേസുകള്‍ ഉണ്ട്. അഞ്ചുപേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഫലം വന്നതില്‍ 1,436 എണ്ണം നെഗറ്റീവാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. ശ്രീലത അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."