തൂക്കുപാലങ്ങള്‍ അപ്രത്യക്ഷമായി; ഒറ്റപ്പെട്ട് ഗ്രാമങ്ങള്‍
കൊടുവള്ളി: കനത്ത മഴയെ തുടര്‍ന്ന് പുഴനിറഞ്ഞു കവിഞ്ഞ് തൂക്കുപാലങ്ങള്‍ തകര്‍ന്നത് കൊടുവള്ളി നഗരസഭാ പരിധിയിലെ പുഴയോരവാസികളെ ദുരിതത്തിലാക്കി.
കൊടുവള്ളി പോര്‍ങ്ങോട്ടൂരിനടുത്ത് തെക്കേതൊടുക വെള്ളച്ചാല്‍, പൊയിലങ്ങാടി കടവുകളിലെ തൂക്കുപാലങ്ങള്‍ തകര്‍ന്നത് നിരവധി കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയത്. കൊടുവള്ളി മുനിസിപ്പാലിറ്റിയെ ഓമശ്ശേരി പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നത് ഈ തൂക്കുപാലങ്ങളാണ്. വിദ്യാര്‍ഥികള്‍, വിവിധ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ എന്നിവര്‍ ഈ പാലങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്.
കോണ്‍ക്രീറ്റ് പാലം നിര്‍മിക്കണമെന്നത് ഏറെനാളായുള്ള നാട്ടുകാരുടെ ആവശ്യമാണെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങി അനന്തമായി നീളുകയാണ്. പാലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകര്‍ എം.എല്‍.എക്കും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടണ്ട്.
ഡെപ്യൂട്ടി കലക്ടറടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."