മൈസൂരു-കുടക് റെയില്‍പാതയ്ക്ക് കേന്ദ്രത്തിന്റെ അനുമതി
എം.പി മുജീബ് റഹ്മാന്‍
കണ്ണൂര്‍: പരിസ്ഥിതി സംഘടനകളുടെ എതിര്‍പ്പ് മറികടന്ന് മൈസൂരുവില്‍നിന്ന് കുടകിലേക്ക് റെയില്‍വേ പാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. ഇതോടെ തലശ്ശേരി-മൈസൂരു പാതയ്ക്കു വീണ്ടും പ്രതീക്ഷയുടെ ചൂളംവിളി. മൈസൂരുവിലെ ബെലഗോളയില്‍നിന്ന് കുടകിലെ കുശാല്‍നഗറിലേക്കാണു 87 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍പാത നിര്‍മിക്കാന്‍ സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ അനുമതി നല്‍കിയത്. 1854.62 കോടി രൂപയാണു പാതയ്ക്ക് ചെലവു പ്രതീക്ഷിക്കുന്നത്. സിവില്‍ എന്‍ജിനീയറിങ് പ്രവൃത്തിക്ക് 1723.78 കോടി, പൊതു ഇലക്ട്രിക്കല്‍ പ്രവൃത്തിക്ക് 11.85 കോടി, ഇലക്ട്രിക്കല്‍ ഒ.എച്ച്.ഇ പ്രവൃത്തിക്ക് 59.06 കോടി, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന് 59.93 കോടി എന്നിങ്ങനെയാണു തുക നീക്കിവച്ചിരിക്കുന്നത്.
മൈസൂരു-കുടക് റെയില്‍വേ പാതക്കെതിരേ മടിക്കേരിയിലും കുട്ടയിലും നേരത്തെ പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു. ഈ പ്രതിഷേധം തലശ്ശേരി-മൈസൂരു പാതയ്ക്കും തിരിച്ചടിയായിരുന്നു.
കുശാല്‍നഗര്‍ വരെയുള്ള പാത തലശ്ശേരിയിലേക്കു നീട്ടാനാണ് ഇനി കേരളത്തില്‍ നിന്നുള്ള ജനപ്രതിനിധികള്‍ ശ്രമം നടത്തേണ്ടത്. കുശാല്‍നഗറില്‍നിന്ന് തലശ്ശേരിയിലേക്കു 126 കിലോമീറ്ററാണു ദൂരം. 1956ല്‍ അന്നത്തെ റെയില്‍വേ മന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി ഇരിട്ടിയില്‍ എത്തിയപ്പോള്‍ നല്‍കിയ വാഗ്ദാനമായിരുന്നു തലശ്ശേരി-മൈസൂരു റെയില്‍പാത. എന്നാല്‍ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പദ്ധതി നീണ്ടുപോവുകയായിരുന്നു.
തലശ്ശേരി-മൈസൂരു പാതയ്ക്കു 298 കിലോമീറ്റര്‍ ദൂരമുണ്ടെന്നാണു റെയില്‍വേ നിലപാട്. എന്നാല്‍ വിദഗ്ധ സമിതിയുടെ സര്‍വേ പ്രകാരം 145.5 കിലോമീറ്റര്‍ മാത്രമാണു തലശ്ശേരിയില്‍ നിന്നു മൈസൂരുവിലേക്കുള്ള റെയില്‍പാതയ്ക്ക് ആവശ്യമായ ദൂരം. തലശ്ശേരി-മൈസൂരു റെയില്‍പാത യാഥാര്‍ഥ്യമായാല്‍ നിലവിലെ കണ്ണൂര്‍-ബംഗളൂരു റെയില്‍യാത്രാ ദൂരം 708 കിലോമീറ്ററില്‍ നിന്നു 339 ആയി കുറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."