മുഖദാറില്‍ വീട് തകര്‍ന്ന് മൂന്നുപേര്‍ക്ക് പരുക്ക്
കോഴിക്കോട്: നഗരത്തില്‍ മഴയെ തുടര്‍ന്ന് വീട് തകര്‍ന്നു. മൂന്നു പേര്‍ക്കു പരുക്കേറ്റു. മുഖദാര്‍ അറക്കല്‍ തൊടുക മരക്കാര്‍ പറമ്പില്‍ ആയിശബിയുടെ ഓടിട്ട വീടാണു തകര്‍ന്നുവീണത്. ഇന്നലെ ഉച്ചയ്ക്ക് 2.50നായിരുന്നു സംഭവം. പെരുന്നാള്‍ ദിനത്തില്‍ ഇവരുടെ വീട്ടിലെത്തിയ കുടുംബാംഗങ്ങളായ 15 പേരാണ് അപകടം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്.
ചാപ്പയില്‍ വി.പി ഹൗസില്‍ ഇഖ്ബാലിന്റെ കുടുംബമാണ് പണയത്തിനെടുത്ത ഈ വീട്ടില്‍ താമസിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇഖ്ബാലിന്റെ കുടുംബാംഗങ്ങളാണ് അപകടത്തില്‍പെട്ടത്. ഇഖ്ബാലിന്റെ പിതൃസഹോദരങ്ങളായ നൈാംവളപ്പില്‍ വടക്കയില്‍ അബ്ദുല്‍ മജീദ് (50), കുണ്ടായിതോട് ടി.ടി ഹൗസില്‍ മുഹമ്മദ് കുട്ടി (65), ഭാര്യ സുഹറാബി (58) എന്നിവര്‍ക്കാണു പരുക്കേറ്റത്. മജീദിന്റെയും മുഹമ്മദ് കുട്ടിയുടെയും കാലിനു സാരമായ പരുക്കുണ്ട്. സുഹ്‌റാബിയുടെ തലയിലേക്ക് മച്ചും കല്ലും പതിച്ചു. ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇഖ്ബാലിന്റെ പിതാവ് അലവി, മാതാവ് താഹിറ, ഭാര്യ ബുഷ്‌റ, സഹോദരന്‍ ഹര്‍ഷാദ്, ഭാര്യ താഹിറ എന്നിവരാണു നാലു ബെഡ്‌റൂമുള്ള ഈ വീട്ടില്‍ താമസിക്കുന്നത്. ഇഖ്ബാലിന്റെ മകള്‍ ഫാത്തിമ കന്‍സ (എട്ട്), അര്‍ഷാദിന്റെ മക്കളായ ആയിഷ റിഷ (ഏഴ്), ആദില്‍ (മൂന്നര), ഇഖ്ബാലിന്റെ സഹോദരി ഫാത്തിമത്ത് സുഹറയുടെ മകള്‍ ഫാത്തിമ മിന്ന (മൂന്നര), പിതാവിന്റെ സഹോദരി ഫാത്തിമാബിയുടെ മകള്‍ ഫെമിന (19), മുഹമ്മദ് കുട്ടിയുടെ മകന്റെ മകള്‍ മുന്ന (ഏഴ്) എന്നിവര്‍ക്കു നിസാര പരുക്കേറ്റു.
പെരുന്നാളിനു വീട്ടിലെത്തിയ ഇവര്‍ ഇന്നലെ ഭക്ഷണം കഴിക്കാനിരിക്കെയാണ് പൊടുന്നനെ വീടിന്റെ മതില്‍ ഇടിഞ്ഞുതാഴ്ന്ന് മേല്‍ക്കൂര താഴോട്ടു പതിച്ചതെന്നും നിലവിളി കേട്ട് ഓടിക്കൂടിയവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
ബീച്ച് ഫയര്‍ഫോഴ്‌സിന്റെ ഒരു യൂനിറ്റും ആംബുലന്‍സും ചെമ്മങ്ങാട് പൊലിസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി. കെ.എസ്.ഇ.ബി ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണു രക്ഷാപ്രവര്‍ത്തനം നടത്തിയത്. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."