ചീഞ്ഞുനാറി മാലിന്യം
ചങ്ങരംകുളം: ചങ്ങരംകുളത്തും പരിസര പ്രദേശങ്ങളിലും മാലിന്യം ചീഞ്ഞുനാറുന്നു. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് പിറകിലാണ് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നത്. മഴ ശക്തിയായതോടെ മാലിന്യങ്ങളിലൂടെ മലിനജലം ഒലിച്ച് റോഡിലൂടെ പരന്നൊഴുകുന്നു. കാല്‍നടയാത്രക്കാര്‍ക്ക് ഇതില്‍ ചവിട്ടിവേണം നടക്കാന്‍. വ്യാപാരികള്‍ ദുര്‍ഗന്ധം ശ്വസിച്ചാണ് രാവിലെ മുതല്‍ സ്ഥാപനങ്ങളില്‍ ഇരിക്കുന്നത്. വൈകുന്നേരമായാല്‍ പ്രദേശത്ത് കൊതുകുശല്യം രൂക്ഷമാണ്. ദിനംപ്രതി മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുകയാണ്.
പലതവണ ആലങ്കോട് പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. എന്നാല്‍ സ്വകാര്യ വ്യക്തികളുടെ പറമ്പില്‍ മാലിന്യം വന്‍ തോതില്‍ തള്ളുന്നതിന് നടപടിയെടുക്കാന്‍ പഞ്ചായത്തിന് പരിമിതികളുണ്ട് . ഇത്തരക്കാര്‍ക്ക് പഞ്ചായത്ത് നോട്ടിസ് കൊടുക്കാറുണ്ട് എന്നാല്‍ സ്വകാര്യ വ്യക്തികള്‍ മാലിന്യം നീക്കാന്‍ നടപടിയെടുക്കാറില്ലെന്ന് പഞ്ചായത്തുകാര്‍ പറയുന്നു. ഇതിനിടെ പ്രദേശത്ത് രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ കൂടുതല്‍ പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. പ്രദേശത്തെ ആരോഗ്യ കേന്ദ്രങ്ങളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ചുവരുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."