അപകടക്കെണിയൊരുക്കി അകമ്പാടം ഇടിവണ്ണ റോഡിലെ വളവ്
നിലമ്പൂര്‍: നായാടംപൊയില്‍ മലയോരപാതയില്‍ അകമ്പാടത്തിനും ഇടിവണ്ണക്കും ഇടയില്‍ ഇടിവണ്ണ ജുമാ മസ്ജിദിനോട് ചേര്‍ന്നുള്ള വളവ് അപകടമേഖലയായി മാറുന്നു. ഇന്നലെ ഉച്ചയോടെ കക്കാടംപൊയില്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് ഇവിടെ നിയന്ത്രണം വിട്ട് വലിയ തോട്ടിലേക്ക് മറിഞ്ഞു. ബൈക്കില്‍ ഉണ്ടായിരുന്ന രണ്ടു പേരും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 12 ഓളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. കൊടുംവളവും റോഡിന് സംരക്ഷണഭിത്തി ഇല്ലാത്തതുമാണ് അപകടത്തിന് കാരണം. കോഴിപ്പാറ ജല ടൂറിസം കേന്ദ്രത്തിലേക്ക് ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നൂറുകണക്കിന് വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന റോഡില്‍ ഒരു മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പോ, പഞ്ചായത്ത് അധികൃതരോ തയാറായിട്ടില്ല.
അപകട മരണങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാറില്ല. കുറഞ്ഞ ചെലവില്‍ ഇവിടെ സംരക്ഷണ സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്ക് കഴിയും. അപകടമേഖലയായ ഇവിടെ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."