അലിഗഡ്: ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം
ന്യൂഡല്‍ഹി: അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമാണെന്ന നിലപാടിനെ പിന്തുണച്ച് യു.പി.എ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചാണു കേന്ദ്രം പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് യു.പി.എ സര്‍ക്കാരിന്റെ മാനവവിഭവശേഷി മന്ത്രാലയം സമര്‍പ്പിച്ച എല്ലാരേഖകളും പിന്‍വലിച്ചിട്ടുണ്ട്. സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍റ്റിയില്‍ മുസ്‌ലിംകള്‍ക്ക് 50 ശതമാനം സംവരണം നല്‍കുന്നതിനെ പിന്തുണച്ചു നല്‍കിയ സത്യവാങ്മൂലവും കേന്ദ്രം പിന്‍വലിച്ചു.
അലിഗഡിന് ന്യൂനപക്ഷപദവി നല്‍കുന്നത് ഭരണഘടനാലംഘനമാണെന്നു സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. അലിഗഡിന് ന്യൂനപക്ഷപദവി നല്‍കുന്നതിനെ എതിര്‍ത്ത് 1972ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പ്രസംഗവും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
1967ല്‍ അസീസ് ബഷ്‌റ എന്ന വ്യക്തിയും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള കേസില്‍ ബഷ്‌റയുടെ വാദം തള്ളിക്കൊണ്ട് സുപ്രിംകോടതി അലിഗഡ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്നു വിധിപറഞ്ഞിരുന്നു. എന്നാല്‍ 1981ല്‍ പാര്‍ലമെന്റ് നിയമഭേദഗതി കൊണ്ടുവന്ന് അലിഗഡിന് ന്യൂനപക്ഷപദവി തിരിച്ചുനല്‍കി. 2006ല്‍ അലഹബാദ് ഹൈക്കോടതി ഇതു സ്‌റ്റേ ചെയ്തു. ഇതിനെതിരേ യു.പി.എ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ നിലപാട് തെറ്റും ഉത്തരവാദിത്വരഹിതവുമാണെന്നും 1967ലെ കോടതിവിധി അംഗീകരിക്കുകയാണെന്നുമാണു പുതിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അലിഗഡ് സര്‍വകലാശാല മുസ്‌ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണെന്നതല്ലാതെ അതു ന്യൂനപക്ഷ സ്ഥാപനമല്ല. സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിക്കു പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അശോക് മേത്ത, മുതിര്‍ന്ന മന്ത്രാലയം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു സത്യവാങ്മൂലം തയാറാക്കിയിട്ടുള്ളത്. കേസ് ഈ മാസം അവസാനമാണ് കോടതി പരിഗണിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."