പഴശ്ശി അണക്കെട്ടില്‍ ചെളി നിറഞ്ഞു: കുടിവെള്ളം മുട്ടി
മട്ടന്നൂര്‍: ഉരുള്‍ പൊട്ടലിനെ തുടര്‍ന്നു പഴശ്ശി അണക്കെട്ടില്‍ ചെളി നിറഞ്ഞതിനാല്‍ ശുദ്ധജല വിതരണ പദ്ധതികളുടെ പമ്പിങ് മുടങ്ങി. അണക്കെട്ടിലെ ഇന്‍ടേക്ക് വെല്ലില്‍ നിന്നാണ് കണ്ണൂര്‍, കൊളച്ചേരി, പെരളശ്ശേരി എന്നിവിടങ്ങളിലേക്ക് ശുദ്ധജലം പമ്പ് ചെയ്യുന്നത്.
ഇരിട്ടി, മാക്കൂട്ടം മേഖലയില്‍ കനത്ത മഴയെ തുടര്‍ന്നു കഴിഞ്ഞദിവസമുണ്ടായ ഉരുള്‍ പൊട്ടലില്‍ വന്‍ തോതില്‍ ചെളിയും മണ്ണും ഒഴുകി അണക്കെട്ടില്‍ വന്നടിഞ്ഞിരുന്നു. അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു ചെളിവെള്ളം പുഴയിലേക്ക് ഒഴുക്കിവിട്ടെങ്കിലും ശുദ്ധജല പദ്ധതികള്‍ക്ക് ആവശ്യമായ വെള്ളം പമ്പ് ചെയ്യാന്‍ കഴിഞ്ഞില്ല.
രണ്ടു ദിവസം പൂര്‍ണമായി പമ്പിങ് മുടങ്ങിയെങ്കിലും ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ പദ്ധതിയുടെ ജലവിതരണം പുനരാരംഭിച്ചിരുന്നു. എന്നാല്‍ ലോറിയിടിച്ചു വൈദ്യുതി തൂണ്‍ തകര്‍ന്നതിനാല്‍ വൈദ്യുതി മുടങ്ങി വീണ്ടും പമ്പിങ് നിലച്ചു. പെരളശ്ശേരി, കൊളച്ചേരി പദ്ധതികളുടെ പമ്പിങ് ഇന്നു പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
വെളിയമ്പ്രയിലെ പമ്പ് ഹൗസില്‍നിന്നു പമ്പു ചെയ്യുന്ന വെള്ളം ചാവശ്ശേരിപറമ്പിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ ശുദ്ധീകരിച്ച ശേഷം ഗ്രാവിറ്റി ലൈനിലൂടെ കണ്ണൂര്‍ താണയിലെ ടാങ്കിലെത്തിച്ച് ഉപഭോക്തൃ ലൈനിലൂടെയാണ് കണ്ണൂര്‍ മേഖലയില്‍ ജലവിതരണം നടത്തുന്നത്. ശുദ്ധീകരണ പ്ലാന്റില്‍ ചെളി വന്നടിഞ്ഞതിനെ തുടര്‍ന്നു പമ്പിങ് നിര്‍ത്തിവച്ചു പ്ലാന്റ് വൃത്തിയാക്കിയ ശേഷമാണ് പമ്പിങ് പുനരാരംഭിച്ചത്.
മട്ടന്നൂര്‍ നഗരസഭയിലും ഏഴു പഞ്ചായത്തുകളിലും ജലവിതരണം നടത്തുന്ന കൊളച്ചേരി പദ്ധതിയുടെ പമ്പിങ് മുടങ്ങിയിട്ട് മൂന്നു ദിവസമായി. ചെളിവെള്ളം കയറിയതിനു പുറമെ പമ്പ് ഹൗസിലെ പവര്‍ ബോര്‍ഡ് കത്തിപ്പോവുകയും ചെയ്തു. ഇവിടെയും ഇന്നു പമ്പിങ് പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."