വാഴത്തോട്ടങ്ങളില്‍ കാട്ടാനക്കുരുതി
വി.എം.ഷണ്‍മുഖദാസ്
പാലക്കാട്: സൈലന്റ്‌വാലിയുടെ ബഫര്‍ മേഖലയിലുള്‍പ്പെട്ട കരുവാരകുണ്ടില്‍ വ്യാപകമായ തോതില്‍ നടത്തുന്ന വാഴക്കൃഷിയിടങ്ങളിലെത്തുന്ന കാട്ടുകൊമ്പന്മാരെ വകവരുത്താന്‍ വേട്ടസംഘങ്ങള്‍ തമ്പടിക്കുന്നു. ഇവരെപിടികൂടാന്‍ വനംവകുപ്പ് തയാറാവാത്തതാണ് രണ്ടു കാട്ടാനകള്‍ മരണത്തിന് കാരണം. തെക്കന്‍ ജില്ലകളില്‍ നിന്നെത്തുന്നവരാണ് ഇവിടെയുള്ള വാഴത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തു നടത്തുന്നത്.
നീലഗിരി ബയോ റിസര്‍വില്‍ ഉള്‍പ്പെടുന്ന പ്രദേശം തമിഴ്‌നാട്ടിലെ വനമേഖലയോട് ചേര്‍ന്നാണ് കിടക്കുന്നത്. അതുകൊണ്ടു തന്നെ ധാരാളം ഏഷ്യന്‍ ആനകളെ ഈ പ്രദേശത്തു കാണാന്‍ കഴിയും. ആനകളുടെ പ്രജനന മേഖലയായ മുത്തിക്കുളം ഇതിനടുത്തയാണ് കിടക്കുന്നത്.
ഇതു മനസിലാക്കിയ വേട്ട സംഘങ്ങള്‍ വാഴത്തോട്ടങ്ങള്‍ ബിനാമിപേരില്‍ പാട്ടത്തിനെടുത്താണ് ഇവിടേക്ക് എത്തുന്നത്. എന്നാല്‍ ഇവരെ നിരീക്ഷിക്കാനോ, നീക്കങ്ങള്‍ കണ്ടറിയാണോ വനംവകുപ്പിന് കഴിയാത്തതാണ് ആനവേട്ട നടത്തുന്ന സംഘങ്ങള്‍ക്ക് ഇവിടേക്ക് എളുപ്പം കയറിപോവാന്‍കഴിയുന്നത്. ലോകപ്രസിദ്ധമായ സൈലന്റ്‌വാലി ദേശീയ ഉദ്യാനം സംരക്ഷിക്കാന്‍ കോടികളാണ് ചിലവിടുന്നത്. എന്നാല്‍, കരുവാരകുണ്ട്, പൂച്ചിപ്പാറ ഭാഗങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാന്‍ വനംവകുപ്പ് തയാറാവുന്നില്ല.
രാത്രികാലങ്ങളില്‍ എ.കെ 47 പോലുള്ള തോക്കുകളുമായി വേട്ടസംഘങ്ങള്‍ കൂട്ടത്തോടെ കാട് കയറുമ്പോള്‍ ഇവരെ പ്രതിരോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഒരു ഉപകരണങ്ങളും വനംവകുപ്പ് നല്‍കുന്നില്ല. ആവശ്യത്തിന് ജീവനക്കാരെയും നിയമിക്കുന്നില്ല.
കരുവാരക്കുണ്ടിനടുത്ത മണലിയാംപാടത്തിലാണ് ഒരുകൊമ്പനും പിടിയനായും ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. കൊമ്പന്റെ രണ്ടു കൊമ്പുകളും നഷ്ട്ടപെട്ട നിലയിലാണ് കണ്ടെത്തിയത്. ഈ കേസില്‍ രണ്ട് പേര്‍ പിടിയിലായിട്ടുണ്ടെങ്കിലും, യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. രണ്ട് മാസം മുന്‍പ് മുത്തിക്കുളം മേഖലയില്‍ ആനവേട്ട സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നതായി 'സുപ്രഭാതം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷം ഇത് മൂന്നാമത്തെ ആനവേട്ടയാണ് നടന്നിട്ടുള്ളത്.
ഇക്കാര്യത്തില്‍ വനംവകുപ്പ് വേണ്ടത്ര ജാഗ്രത പുലര്‍ത്താത്തതും ആനവേട്ട സജീവമാകാന്‍ കാരണമാണ്. മലയാറ്റൂര്‍, ചാലക്കുടി, ഇടമലയാര്‍ എന്നിവിടങ്ങളിലെ പ്രമാദമായ ആനവേട്ട കേസുകളില്‍ പിടിയിലായ പ്രതികളില്‍ ചിലര്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ട്. ഇവരുടെ ഇപ്പോഴത്തെ നോട്ടം മുത്തിക്കുളം വനമേഖലയാണ്. അതിനോടൊപ്പം സൈലന്റ് ാലി വനമേഖലയും അവര്‍ നോട്ടമിടുന്നു. ഇതിനു മുന്‍പ് ചന്ദനക്കടത്ത് നടത്തി വന്നിരുന്ന ഒരു സംഘവും ആനക്കൊമ്പ് കച്ചവടത്തില്‍ സജീവമായിട്ടുണ്ട്. അഗളിയിലും, തമിഴ്‌നാട്ടിലുമൊക്കെ ആനക്കൊമ്പ് കടത്തിയകേസില്‍ പിടിയിലായ കരിയര്‍മാരെ ചോദ്യംചെയ്തതില്‍ ചന്ദനം കടത്ത് കേസിലെ ചിലര്‍ ഇതിനു പിന്നിലുണ്ടെന്ന് കണ്ടെത്തിയെങ്കിലും,
വനംവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇവരെ സംരക്ഷിക്കുന്നുണ്ടെന്ന പരാതിയുംനിലവിലുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഒരു അനേഷണം നടത്താന്‍ പോലും തയാറായിട്ടില്ല. അതുകൊണ്ട് ആനക്കൊമ്പ് കേസ് അന്വേഷിക്കാന്‍ ഉദേൃാഗസ്ഥരും താല്‍പര്യവും കാണിക്കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."