കല്ല്യോട്ടെ ഇരട്ടക്കൊലപാതകം: 48 മണിക്കൂര്‍ കോണ്‍ഗ്രസ് ഉപവാസം അവസാനിച്ചു
കാസര്‍കോട്: പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസ് സി.ബി.ഐയ്ക്ക് വിടണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നിലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കലക്ടറേറ്റിനുമുന്നില്‍ നടത്തി വന്ന 48 മണിക്കൂര്‍ ഉപവാസം അവസാനിച്ചു. ഇന്നലെ രാവിലെ 10ന് കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഹക്കിം കുന്നിലിന് നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. സമാപന പൊതുയോഗം കെ.പി.സി.സി സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കേസ് തെളിയണമെങ്കില്‍ സി.ബി.ഐ തന്നെ അന്വേഷിക്കണമെന്നും കൊല നടത്തിയ പാര്‍ട്ടിക്കാര്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ പൊലിസ് അന്വേഷിക്കുന്നതില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ലെന്നും കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
സി.ബി.ഐ അന്വേഷണം വേണമെന്ന് പറയുന്നത് കൊല്ലപ്പട്ട രണ്ടു ചെറുപ്പക്കാരുടെ മാതാപിതാക്കളും ബന്ധുക്കളുമാണ്. അവരോടൊപ്പം യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനായി ഏതറ്റം വരേയും കോണ്‍ഗ്രസ് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹക്കിം കുന്നില്‍ അധ്യക്ഷനായി. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, പി.എ അഷ്‌റഫലി, കെ. നീലകണ്ഠന്‍, പി.കെ ഫൈസല്‍ സംസാരിച്ചു.
26നാണ് ഉപവാസ സമരം ആരംഭിച്ചത്. യു.ഡി.എഫിന്റെ സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെല്ലാം സമരപ്പന്തലില്‍ എത്തിയിരുന്നു. കൊല്ലപ്പെട്ട ശരത്തിന്റെയും കൃപേഷിന്റെയും പിതാക്കളും കഴിഞ്ഞ ദിവസം സമരപ്പന്തലിലെത്തിയിരുന്നു.
വിതുമ്പലടങ്ങാതെ അമ്മമാരും സഹോദരിമാരും
പെരിയ: കല്ല്യോട്ടെ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടിട്ട് പത്തു ദിവസം പിന്നിട്ടെങ്കിലും ഇവരുടെ കുടുംബാംഗങ്ങളിലും നാട്ടുകാരിലും ഇപ്പോഴും ദുഃഖം താളം കെട്ടിനില്‍ക്കുകയാണ്. കൊല്ലപ്പെട്ടവരുടെ വീടുകളിലേക്ക് നിത്യേന നൂറുകണക്കിനാളുകള്‍ ആശ്വാസ വാക്കുകളുമായി എത്തുന്നുണ്ടെങ്കിലും തെല്ലും ആശ്വാസം പകരാത്ത കാഴ്ചയാണ് വീടുകളിലുള്ളത്. ആയിരങ്ങളാണ് കല്ല്യോട്ടേക്ക് ഇതിനകം ഒഴുകിയെത്തിയത്. ഇപ്പോഴും നേതാക്കളും പ്രവര്‍ത്തകരും സാധാരണക്കാരും രാഷ്ട്രീയ ഭേദമന്യേ ഇരുവീടുകളിലേക്കും എത്തിക്കൊണ്ടിരിക്കുകയാണ്.
അതേസമയം, സി.പി.എമ്മിന്റെ പഞ്ചായത്ത് വാര്‍ഡ് അംഗം പോലും കൊല്ലപ്പെട്ടവരുടെ വീടുകളില്‍ ഇതുവരെ സന്ദര്‍ശിച്ചിട്ടില്ല. സ്വന്തം പഞ്ചായത്ത് പരിധിയില്‍ ജില്ലയെ നടുക്കിയ കൊലപാതകം നടന്നിട്ടും ഇത്തരം ഒരു സംഭവം കാര്യം അറിഞ്ഞില്ലെന്നു നടിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളെന്ന ആരോപണം ശക്തമാണ്.
കൊലപാതക രാഷ്ട്രീയത്തിനെതിരേ പ്രതിരോധ സംഗമം നാളെ
പെരിയ: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡി.സി.സിയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം മൂന്നിന് പെരിയ ടൗണില്‍ പ്രതിരോധ സംഗമം നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ഹക്കിം കുന്നില്‍ അറിയിച്ചു.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാരായ കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ജോസ്.കെ മാണി എം.പി, സി.പി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."