വാക്കേറ്
രാഷ്ട്രീയം എന്നു പറയുന്നതു നമ്മള്‍ വിചാരിക്കുന്നതിനും അപ്പുറത്തുള്ള ഒരു വലിയ ബിസിനസാണ്. ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും മറ്റൊരു പാര്‍ട്ടിയെക്കാള്‍ ഭേദമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ടോപ്‌ലെവലില്‍ വരുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒറ്റക്കെട്ടാണെന്നാണ് തോന്നിയിട്ടുള്ളത്. ഒരാള്‍ മറ്റൊരാളെ എതിര്‍ക്കുന്നു. പക്ഷേ, ഇരുളില്‍ അവര്‍ എല്ലാം ഒന്നാണ്. എല്ലാം പണവുമായി ബന്ധപ്പെട്ട സൗഹൃദമാണ്. എല്ലാവരുടെയും നോട്ടം നമ്മുടെ നികുതിപ്പണം തട്ടിക്കൊണ്ടുപോകുന്നതിലാണ്. രാഷ്ട്രീയം പണമിടപാട് മാത്രമാണ്. ഈ അക്രമ രാഷ്ട്രീയവും അതില്‍ പെടും.
-നടന്‍ ശ്രീനിവാസന്‍
ചെറിയ കാലയളവില്‍ വലിയ വളര്‍ച്ച കണ്ട ഒന്നാണ് ഇന്ത്യയിലെ ദൃശ്യമാധ്യമരംഗം. മാധ്യമങ്ങളുടെ വളര്‍ച്ചയ്‌ക്കൊത്ത് മാധ്യമപരിശീലന സംവിധാനം വളര്‍ന്നില്ല. പക്വമതികളുടെ അഭാവം ചാനലുകളുടെ ദൈനംദിന പ്രവര്‍ത്തനത്തില്‍ പ്രതിഫലിച്ചു. അവതാരകര്‍ രാജ്യത്തിന്റെയും ജനങ്ങളുടെയും പ്രാതിനിധ്യം സ്വയം ഏറ്റെടുത്തു. സ്റ്റുഡിയോകള്‍ വെളിച്ചപ്പാടുകള്‍ ഉറഞ്ഞുതുള്ളുന്ന ഇടങ്ങളായി. ടെലിവിഷനെ ഫലപ്രദമായി നിയന്ത്രിക്കാന്‍ നിയമമില്ലാത്ത ഏകരാജ്യം ഒരുപക്ഷേ ഇന്ത്യയാണ്.
-ബി.ആര്‍.പി ഭാസ്‌കര്‍
നായന്‍മാര്‍ കേരളത്തിലെ ആദിവാസികളാണ്. ചെറുമക്കള്‍, പറയര് എന്നിവരെപ്പോലെ. പടയാളികളുടെ നായകസ്ഥാനം വഹിച്ചിട്ടുള്ളവര്‍ എന്നേ അര്‍ഥമുള്ളൂ. പിന്നെ ആ ഉദ്യോഗം പാരമ്പര്യമായി. അതൊരു ഉപജാതിയായി മാറി. അല്ലാതെ ഈഴവരുടെ മാതിരിയോ നസ്രാണികളുടെ മാതിരിയോ നമ്പൂതിരി പോലെയോ ഒരു കൃത്യമായ ജാതി അല്ല നായര്‍.
-എം.ജി.എസ് നാരായണന്‍
സങ്കടപ്പെടുന്ന ഒരു അമ്മയെ പൊലിസുകാര്‍ സംഘം ചേര്‍ന്നു കുറ്റവാളിയെ കീഴ്‌പ്പെടുത്തുന്നതു പോലെ റോഡില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ കേരളത്തിനു പെട്ടെന്നു മറക്കാനാകില്ല. സമാനമായ സാഹചര്യത്തില്‍ ആണ് തുനീസ്യയില്‍ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്. ഉദ്യോഗസ്ഥരില്‍ നിന്ന് അപമാനം ഏറ്റുവാങ്ങി നിസ്സഹായനായ മകന്‍ ആത്മാഹുതി നടത്തിയ തെരുവില്‍ ഏകയായി പ്രതിഷേധിക്കാന്‍ എത്തിയ അമ്മയുടെ ചുടുനിശ്വാസത്തില്‍ നിന്നു മുല്ലപ്പൂക്കള്‍ വിരിഞ്ഞു. അതു മുല്ലപ്പൂ വിപ്ലവം ആയി മാറുകയും പിന്നീട് അറബ് വസന്തമായി കത്തിപ്പടരുകയും ചെയ്തു.
-സെബാസ്റ്റ്യന്‍ പോള്‍
അടിയന്തരാവസ്ഥയില്‍ പൊലിസ് ഉരുട്ടിക്കൊന്ന എന്‍ജിനിയറിങ് വിദ്യാര്‍ഥി രാജന്റെ അച്ഛന്‍ ഈച്ചരവാര്യര്‍ തന്റെ മകന് നീതി ലഭിക്കാന്‍ മരണംവരെ പോരാടി. രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്കു വച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു. തേന്‍കുടത്തില്‍ വീണുപോയ ഒരു വൃദ്ധമന്ത്രിയുടെ നിരപരാധിത്വം അന്വേഷിക്കാന്‍ 24 മണിക്കൂറിനുള്ളില്‍ ജുഡീഷ്യല്‍ അന്വേഷണം. നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മക്ക് പൊലിസ് മര്‍ദനവും ജയിലും. ഓരോ ദിവസം കഴിയുന്തോറും ഉളുപ്പില്ലായ്മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവണ്‍മെന്റ്.
-ജോയ് മാത്യു
വഴിമാറി നടന്നെങ്കിലും വര്‍ഗീസ് സി.പി.എമ്മുകാരനായിരുന്നു. നക്‌സല്‍ വര്‍ഗീസിനെ കുറ്റവാളിയായി ചിത്രീകരിച്ച സത്യവാങ്മൂലം ഇടത് സര്‍ക്കാരിന് പറ്റിയ വീഴ്ചയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ തയാറാക്കിയ സത്യവാങ്മൂലം അതേപടി സമര്‍പ്പിച്ചതാണ് എല്ലാ വിവാദങ്ങള്‍ക്കും കാരണം. ഇതു സര്‍ക്കാര്‍ അഭിഭാഷകന് പറ്റിയ വീഴ്ചയാണെന്നതില്‍ സംശയമില്ല. എന്നാല്‍ അത് അഭിഭാഷകന്റെ വീഴ്ചയായി മാത്രം കുറച്ചു കാണാനാവില്ല.
- എം.എ.ബേബി
1952 മുതല്‍ 57 വരെ തിരുക്കൊച്ചിയില്‍ പ്രതിപക്ഷനേതാവായിരുന്നത് ടി.വി. തോമസാണ്. ടി.വിയെ മോശക്കാരനായി ആരും കണക്കാക്കിയിട്ടില്ല. പല സമരവും നയിച്ച് കഴിവുതെളിയിച്ച പ്രഗല്ഭന്‍. 57ലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇ.എം.എസ് എങ്ങനെ നിയമസാഭാകക്ഷി നേതാവായെന്ന് എനിക്കറിയില്ല. ജാതിയായിരുന്നോ കാരണമെന്നും അറിയില്ല. എന്തായാലും മുഖ്യമന്ത്രിയാകുമ്പോള്‍ ഇ.എം.എസ് എം.എല്‍.എ ആയിരുന്നില്ല.
-കെ.ആര്‍ ഗൗരിയമ്മ
ഒരു കിലോ അരിക്ക് അങ്ങാടിയില്‍ അന്‍പതുരൂപയിലേറെ വില കത്തിക്കാളുമ്പോള്‍, റേഷന്‍കടകള്‍ക്കും സിവില്‍ സപ്ലൈസ് വില്‍പനശാലകള്‍ക്കും മുന്‍പില്‍ ജനങ്ങള്‍ അരിക്ക് ക്യൂ നില്‍ക്കുമ്പോള്‍ എന്‍.വി കൃഷ്ണവാര്യരിലെ കവി പ്രതികരിച്ചതുപോലെ അവര്‍ക്കു മുന്നിലൂടെ കൊടിവച്ച കാറില്‍ സഖാക്കള്‍ ചീറിപ്പാഞ്ഞു പോകുന്നുണ്ട്.
-അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
എനിക്കു സ്ഥിരമായ മിത്രങ്ങളും ശത്രുക്കളും ഉണ്ട്. കാര്യം കാണാന്‍ വേണ്ടി ഒരാളെ കൂട്ടുപിടിക്കുക. കാര്യം കഴിഞ്ഞാല്‍ അയാളെ ഒഴിവാക്കി മറ്റൊരാളെ കൂട്ടുപിടിക്കുക. അതൊന്നും എനിക്കു പറ്റില്ല. നമ്മളെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉള്ളവരെ പോയി കാണുക, അതു മാറ്റണം എന്നുപറഞ്ഞു മാപ്പ് ചോദിക്കുക്ക അതിനൊന്നും എനിക്കുപറ്റില്ല. സിനിമ കിട്ടാന്‍ വേണ്ടി അവള്‍ എന്നോടു മാപ്പുപറഞ്ഞു എന്നൊരാള്‍ പറയുന്നതിനെക്കാള്‍ എനിക്കിഷ്ടം ഭാവന അഹങ്കാരിയാണെന്നു പറയുന്നതു കേള്‍ക്കാനാണ്.
-നടി ഭാവന
ജിഷ്ണു പ്രണോയിയുടെ മാതാവിനെ ആക്രമിച്ച പൊലിസ് നടപടി തുടര്‍ച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിക്ക് ധാര്‍മികത നഷ്ടമായി. മുഖ്യമന്ത്രിയുടെ മനോഭാവം ഏതൊരു ഫാസിസ്റ്റിനെയും കടത്തിവെട്ടുന്നതാണ്. ഉത്തരവാദികളായ പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുന്നതിനു പകരം ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സംഭവത്തെ ന്യായീകരിച്ചാല്‍ പിന്നെ, അതുമായി ബന്ധപ്പെട്ട ഐ.ജിയുടെ അന്വേഷണത്തിന് പ്രസക്തിയില്ലാതാകും
വി.എം സുധീരന്‍
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് ഈ മുഖ്യമന്ത്രി ഒരു ഭാരമാകുകയാണോ? പൊലിസ് ജിഷ്ണുവിന്റെ കുടുംബത്തെ അറസ്റ്റ് ചെയ്യരുതായിരുന്നു. പൊലിസിനെ വരുതിക്ക് നിര്‍ത്താനുള്ള ചുമതല ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിക്കില്ലേ?
-കവി സച്ചിദാനന്ദന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."