ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ വംശീയാധിക്ഷേപവുമായി ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: ദക്ഷിണേന്ത്യക്കാര്‍ക്കെതിരേ വംശീയ അധിക്ഷേപവുമായി ബി.ജെ.പി നേതാവ് തരുണ്‍ വിജയ്.
ദക്ഷിണേന്ത്യക്കാരായ കറുത്ത നിറക്കാര്‍ ചുറ്റുപാടും ജീവിക്കുന്നുണ്ടെന്നും അവര്‍ക്കൊപ്പം ജീവിക്കുന്ന തങ്ങള്‍ ആഫ്രിക്കക്കാരെ ആക്രമിക്കില്ലെന്ന് പറഞ്ഞാണ് തരുണ്‍ വിജയ് ദക്ഷിണേന്ത്യക്കാരെ ആക്ഷേപിച്ചത്.
ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ നൈജീരിക്കാരായ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ചാനല്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം ഉണ്ടായത്.
കറുത്ത വര്‍ഗക്കാര്‍ക്കെതിരേ ഇന്ത്യയില്‍ അമര്‍ഷമുണ്ട് എന്നാല്‍ അവരെ ആക്രമിക്കുമെന്ന് പറയുന്നത് ശരിയല്ല. കാരണം തമിഴ്നാട്, കേരളം, കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ കറുത്തവരുണ്ട്. അവരോടൊപ്പമാണ് തങ്ങള്‍ ജീവിക്കുന്നത്.
ഇന്ത്യയില്‍ വിവിധ സമൂഹങ്ങളില്‍പ്പെട്ടവര്‍ പരസ്പരം ആക്രമിക്കാറുണ്ട്. കുറേനാള്‍ മുന്‍പ് ബീഹാറികളെ മഹാരാഷ്ട്രയില്‍ ആക്രമിച്ചിരുന്നു. മറാഠികളെ ബിഹാറിലും ആക്രമിച്ചു.
എന്നാല്‍ ഇവ വംശീയമായ ആക്രമണമാണ് എന്ന് പറയാനാവില്ല എന്നായിരുന്നു ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു മാധ്യമ പ്രതിനിധി ചോദിച്ച ചോദ്യത്തിന് തരുണ്‍ വിജയ് മറുപടി പറഞ്ഞത്. സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്നും തന്റെ പരാമര്‍ശത്തില്‍ ദക്ഷിണേന്ത്യക്കാരോട് മാപ്പ് ചോദിക്കുന്നതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
വിവാദ പരാമര്‍ശത്തെ ന്യായീകരിക്കുന്നതിനായി ഇന്ത്യയില്‍ വ്യത്യസ്ത സംസ്കാരങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഹൈന്ദവ ദൈവമായ കൃഷ്ണന്റെ നിറം കറുപ്പാണെന്നുമുള്ള ന്യായീകരണവും ഇയാളില്‍ നിന്നുണ്ടായി. എന്നാല്‍ തരുണ്‍ വിജയ്ക്ക് നേരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."